
9 കാര്‍ഡിനല്‍മാര്‍ അംഗങ്ങളായ തന്റെ ഉപദേശകസമിതി ഫ്രാന്‍സിസ് മാര്‍പാപ്പ പുനഃസംഘടിപ്പിച്ചു. ഉത്തരവാദിത്വങ്ങളില്‍ നിന്നു വിരമിച്ചതിനെ തുടര്‍ന്നും മറ്റും ഏതാനും പേര്‍ ഒഴിവായ സമിതിയിലേക്ക് 5 കാര്‍ഡിനല്‍മാരെ പാപ്പ പുതുതായി നിയമിച്ചു. സമിതിയുടെ അടുത്ത യോഗം എപ്രില്‍ മൂന്നാം വാരത്തില്‍ റോമില്‍ മാര്‍പാപ്പയുടെ താമസസ്ഥലമായ സാന്താ മാര്‍ത്തായില്‍ നടക്കും.
ഇപ്പോള്‍ നടന്നു വരുന്ന സിനഡാലിറ്റിയെ കുറിച്ചുള്ള സിനഡിന്റെ മുഖ്യസംഘടകനായ കാര്‍ഡിനല്‍ ഴാങ്-ക്ലൗദ് ഹോളെറിച്ച്, കാനഡായില്‍ നിന്നുള്ള കാര്‍ഡിനല്‍ ജെരാള്‍ഡ് സി ലാക്രോയ്ക്‌സ്, ബ്രസീലിയന്‍ കാര്‍ഡിനല്‍ സെര്‍ജിയോ ഡാ റോച്ചാ, സ്പാനിഷ് കാര്‍ഡിനല്‍ ജുവാന്‍ ജോസ് ഒമെല്ലാ, വത്തിക്കാന്‍ സിറ്റി ഭരണകൂടത്തിന്റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ഫെര്‍ണാണ്ടോ വെര്‍ഗെസ് അല്‍സാഗ എന്നിവരാണ് സി-9 എന്നറിയപ്പെടുന്ന ഉപദേശകസമിതിയിലേക്ക് പുതുതായി നിയമിക്കപ്പെട്ടവര്‍. ഈ നിയമനങ്ങളോടെ, ഹോണ്ടുറാസില്‍ നിന്നുള്ള കാര്‍ഡിനല്‍ ഓസ്‌കര്‍ റൊഡ്രിഗ്‌സ് മരദിയാഗ, ജര്‍മ്മന്‍ കാര്‍ഡിനല്‍ റീയിന്‍ഹാര്‍ഡ് മാര്‍ക്‌സ് എന്നിവര്‍ സമിതിയില്‍ ഇല്ലാതാകും. വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിന്റെ ഭരണകൂടത്തിന്റെ മുന്‍മേധാവി കാര്‍ഡിനല്‍ ഗ്വിസെപ്പെ ബെര്‍ത്തെല്ലോയ്ക്കു പകരം അതേ പദവിയിലെ അദ്ദേഹത്തിന്റെ പിന്‍ഗാമി വരും.
2013 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് തന്റെ സ്ഥാനാരോഹണത്തെ തുടര്‍ന്ന് എല്ലാ വന്‍കരകള്‍ക്കും പ്രാതിനിധ്യം നല്‍കി ഇപ്രകാരമൊരു ഉപദേശകസമിതിയെ നിയമിച്ചത്. റോമന്‍ കൂരിയാ പരിഷ്‌കരണത്തിനു പാപ്പായെ സഹായിക്കുക എന്നതായിരുന്ന സമിതിയുടെ പ്രാരംഭ ലക്ഷ്യം. മുംബൈ ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ്, അമേരിക്കന്‍ കാര്‍ഡിനല്‍ സീന്‍ പാട്രിക് ഒമാലി, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ എന്നിവരാണ് സ്ഥാപനകാലം മുതല്‍ ഇതുവരെ ഈ സമതിയില്‍ തുടരുന്നത്. 2020 ല്‍ കോംഗോയിലെ കാര്‍ഡിനല്‍ ഫ്രിദോലിന്‍ ബെസംഗുവിനെ സമിതിയില്‍ അംഗമാക്കിയിരുന്നു.