അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷനില്‍ പുതിയ അംഗങ്ങളെ നിയമിച്ചു

New members appointed to the International Theological Commission
Published on: 

അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷനിലേക്ക്, 24 പുതിയ അംഗങ്ങളെ ലിയോ പതിനാലാമന്‍ പാപ്പാ നിയമിച്ചു. അഞ്ചു വര്‍ഷ കാലാവധിയില്‍ സേവനമനുഷ്ഠിച്ച ആറ് അംഗങ്ങളുടെ നിയമനം പുതുക്കുകയും ചെയ്തു. ഇതോടെ 2026-2031 കാലാവധിയിലേക്കുള്ള കമ്മീഷനിലെ ആകെ അംഗങ്ങളുടെ എണ്ണം 30 ആയി ഉയര്‍ന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്, ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളില്‍ നിന്നും, കൂടുതല്‍ അംഗ ങ്ങളെ പാപ്പ, കമ്മീഷനിലേക്ക് നിയമിച്ചിട്ടുണ്ട്. കമ്മീഷന്റെ സെക്രട്ടറി ജനറലായി, മോണ്‍സിഞ്ഞോര്‍ പിയെറോ കോദയെയും പാപ്പ നിയമിച്ചു.

വിവിധ പ്രസ്ഥാനങ്ങളില്‍ നിന്നും, രാജ്യങ്ങളില്‍ നിന്നു മുള്ള ദൈവശാസ്ത്രജ്ഞരെ ഏകോപിപ്പിച്ച്, പ്രധാനപ്പെട്ട വിശ്വാസസത്യങ്ങളും കാലിക പ്രാധാന്യമുള്ള ദൈവശാസ്ത്ര വിഷയങ്ങളും പഠിക്കുന്നതില്‍ പരിശുദ്ധ സിംഹാസന ത്തെയും, പ്രത്യേകിച്ച് വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തെയും സഹായിക്കുക എന്നതാണ് ഈ കമ്മീഷന്റെ ചുമതല.

ഇന്ത്യയില്‍ നിന്ന് മുംബൈ അതിരുപതാ വൈദികനും മുംബൈയിലെ വി. പയസ് പത്താമന്‍ മേജര്‍ സെമിനാരി റെക്ടറുമായ ഡോ. ഗില്‍ബെര്‍ട് ഡി ലിമ കമ്മീഷനില്‍ അംഗമാണ്.

പുതിയ കമ്മീഷനില്‍ അല്മായരുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം വര്‍ദ്ധിച്ചിട്ടുണ്ട്. മുന്‍ കമ്മീഷനില്‍ അഞ്ച് വനിതകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ എട്ട് പേരായി ഉയര്‍ന്നു; ഇതില്‍ അഞ്ച് പേര്‍ അല്മായ വനിതകളാണ്. മൂന്ന് അല്മായ പുരുഷന്മാര്‍ കൂടി ഉള്‍പ്പെട്ടതോടെ കമ്മീഷനിലെ ആകെ അല്മായരുടെ എണ്ണം എട്ടായി. ഇത് മുന്‍ കാലാവധിയേക്കാള്‍ ഇരട്ടിയാണ്. ഭൂഖണ്ഡാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍, യൂറോപ്പില്‍ നിന്ന് 13 അംഗങ്ങളും (മുമ്പ് 14), ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും 4 വീതം അംഗങ്ങളും (മുമ്പ് 3 വീതം), തെക്കേ അമേരിക്കയില്‍ നിന്ന് 5 പേരും (മുമ്പ് 4), വടക്കേ അമേരിക്കയില്‍ നിന്ന് 3 പേരും, ഓസ്‌ട്രേലിയയില്‍ നിന്ന് ഒരാളും കമ്മീഷനില്‍ ഉള്‍പ്പെടുന്നു.

1969-ല്‍ പോള്‍ ആറാമന്‍ പാപ്പായാണ് ഈ കമ്മീഷന്‍ സ്ഥാപിച്ചത്.