
കത്തോലിക്കാസഭയിലേക്കു പുതിയ മെത്രാന്മാരെ തിരഞ്ഞെടുക്കുന്നതിലും മറ്റും നിര്‍ണായക പങ്കു വഹിക്കുന്ന വത്തിക്കാന്‍ മെത്രാന്‍ കാര്യാലയത്തിന്റെ അദ്ധ്യക്ഷനായി ബിഷപ് റോബര്‍ട് ഫ്രാന്‍സിസ് പ്രിവോസ്റ്റിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കാര്‍ഡിനല്‍ മാര്‍ക് ഔലെറ്റിനു പകരമായാണ് ഇത്. 67 കാരനായ ബിഷപ് പ്രിവോസ്റ്റ് 2015 മുതല്‍ പെറുവിലെ ചിക്ലായോ രൂപതയിലെ മെത്രാനായി സേവനമനുഷ്ഠിച്ചു വരികയാണ്. അമേരിക്കയിലെ ചിക്കാഗോ സ്വദേശിയായ അദ്ദേഹം അഗസ്റ്റീനിയന്‍ സന്യാസസമൂഹത്തിലെ അംഗമാണ്. ഈ സന്യാസസമൂഹത്തിന്റെ സുപീരിയര്‍ ജനറലായിരുന്നു.
78 വയസ്സു പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കാര്‍ഡിനല്‍ ഔലെറ്റ് സ്ഥാനമൊഴിയുന്നത്. 2010 മുതല്‍ മെത്രാന്‍ കാര്യാലയത്തിന്റെ ചുമതല വഹിച്ചുവരികയായിരുന്നു അദ്ദേഹം. നേരത്തെ അദ്ദേഹം കാനഡയിലെ ക്യുബെക് അതിരൂപതാദ്ധ്യക്ഷനായിരുന്നു. അക്കാലത്ത് ഒരു ലൈംഗികാക്രണം ഉണ്ടായെന്നാരോപിച്ച് 2022 ല്‍ ഒരു സ്ത്രീ അദ്ദേഹത്തിനെതിരെ കേസ് കൊടുത്തിരുന്നു. കാര്‍ഡിനല്‍ ഇതു നിഷേധിക്കുകയും ഇതിനെതിരെ മാനനഷ്ടത്തിനു കാനഡയില്‍ കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. വത്തിക്കാന്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തുകയും കാര്‍ഡിനലിനെതിരായ കാനോനിക്കല്‍ അന്വേഷണത്തിനു പര്യാപ്തമായ തെളിവുകളില്ലെന്ന നിഗമനത്തിലെത്തുകയും ചെയ്തിരുന്നു.