
പട്ടാളക്കാര്‍ക്കു മുമ്പില്‍ മുട്ടുകുത്തി കുട്ടികളുടെ ജീവനു വേണ്ടി യാചിക്കുന്ന സിസ്റ്റര്‍ ആന്‍ റോസ് ന്യുത്വാംഗിന്റെ ഫോട്ടോ ലോകമെങ്ങും മ്യാന്‍മാറിലെ പട്ടാളഭരണത്തിന്റെ കെടുതികളിലേയ്ക്കു ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു. പട്ടാളഭരണത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കുട്ടികളടക്കമുള്ള സാധാരണക്കാര്‍ക്കു നേരെ തോക്കുകളുമായി കുതിച്ചു വന്ന പട്ടാളക്കാരുടെ മുമ്പിലാണ് വിരിച്ചുപിടിച്ച കൈകളുമായി സിസ്റ്റര്‍ ത്വാംഗ് മുട്ടുകുത്തിയത്. കുട്ടികളെ വെറുതെ വിടുക, പകരം തന്നെ കൊല്ലാം എന്നാണ് സി സ്റ്റര്‍ പട്ടാളക്കാരോടു പറഞ്ഞത്. ഇതിനു മുമ്പു ഫെബ്രുവരിയിലും ഇതേ മട്ടില്‍ പട്ടാളക്കാര്‍ക്കെതിരെ ധീരമായ പ്രതിഷേധം സിസ്റ്റര്‍ നടത്തിയിരുന്നു.