യുദ്ധം അവസാനിപ്പിക്കണമെന്നു നെതന്യാഹുവിനോടു വീണ്ടും മാര്‍പാപ്പ

യുദ്ധം അവസാനിപ്പിക്കണമെന്നു നെതന്യാഹുവിനോടു വീണ്ടും മാര്‍പാപ്പ
Published on

ഇസ്രായേലിന്റെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ വിളിച്ചപ്പോള്‍ സംഭാഷണം ഊര്‍ജിതമാക്കാനും വെടിനിറുത്തല്‍ പ്രഖ്യാപിക്കാനും യുദ്ധം അവസാനിപ്പിക്കാനും ലിയോ പതിനാലാമന്‍ മാര്‍പാപ്പ വീണ്ടും ആവശ്യപ്പെട്ടു.

ജൂലൈ 17-ന് ഗാസയിലെ തിരുക്കുടുംബ ഇടവകദേവാലയത്തിനു നേര്‍ക്ക് ഇസ്രായേലി സേന നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പിറ്റേന്നു രാവിലെ പ്രധാനമന്ത്രി നെതന്യാഹു പാപ്പായെ ഫോണില്‍ വിളിച്ചതെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ വാര്‍ത്താവിതരണ കാര്യാലയം വെളിപ്പെടുത്തി.

ഇസ്രായേല്‍ സേന ദേവാലയത്തിനു നേര്‍ക്കു നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ മരണമടയുകയും ഏതാനും പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഈ ആക്രമണത്തില്‍ പള്ളി വികാരി ഗബ്രിയേല്‍ റൊമനെല്ലിക്കും പരിക്കേറ്റു. ഗാസയിലെ സ്ഥിതി അറിയുന്നതിനും തന്റെ സാമീപ്യം അറിയിക്കുന്നതിനും ഫ്രാന്‍സിസ് പാപ്പാ നിരന്തരം ഫോണില്‍ വിളിക്കാറുള്ളയാളാണ് ഫാ. റൊമനെല്ലി.

ഗാസയിലെ ജനങ്ങളുടെ ഗുരുതരമായ മാനവികാവസ്ഥയെ ക്കുറിച്ചുള്ള തന്റെ ആശങ്ക പാപ്പ ആവര്‍ത്തിച്ചു രേഖപ്പെടുത്തുകയും ചെയ്തു. പ്രത്യേകിച്ച് കുട്ടികളും വയോജനങ്ങളും രോഗികളുമാണ് ഈ ദുരന്തത്തില്‍ കടുത്ത വില നല്‍കേണ്ടിവരുന്നതെന്ന് പാപ്പ പറഞ്ഞു. ആരാധനാലയങ്ങളെയും പലസ്തീനിലെയും ഇസ്രായേലിലെയും വിശ്വാസികളെയും സകല ജനങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ അടിയന്തിര പ്രാധാന്യം പാപ്പാ ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടി.

ഗാസയിലെ തിരുക്കുടുംബ കത്തോലിക്കാ ഇടവക ദേവാലയത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തിലും മരണങ്ങളിലും പരിക്കുകളിലുമുള്ള തന്റെ വേദന പാപ്പ സാമൂഹ്യമാധ്യമമായ 'എക്‌സി'ലൂടെ അറിയിച്ചിരുന്നു. ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് പീയെര്‍ ബത്തീസ്ത പിത്സബല്ലയുമായും പാപ്പ ടെലഫോണില്‍ സംസാരിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org