തിരക്കു കൂട്ടുന്നില്ലെന്നു പാപ്പാ; സിനഡിന്റെ സമാപനം 2024 ല്‍

തിരക്കു കൂട്ടുന്നില്ലെന്നു പാപ്പാ; സിനഡിന്റെ സമാപനം 2024 ല്‍

സിനഡാലിറ്റിയെ കുറിച്ചുള്ള സിനഡ് 2024 ലേയ്ക്കു നീട്ടിയതായി ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. സിനഡ് രണ്ടു ഘട്ടങ്ങളായി തിരിക്കുകയും ആദ്യത്തേത് 2023 ഒക്‌ടോബറിലും രണ്ടാമത്തേത് 2024 ഒക്‌ടോബറിലും നടത്തുകയുമാണു ചെയ്യുന്നത്. സിനഡല്‍ പ്രക്രിയയുടെ പൂര്‍ണമായ ഫലമെടുക്കണമെങ്കില്‍ തിരിക്കു പിടിക്കാതിരിക്കേണ്ടത് ആവസ്യമാണെന്നും ചര്‍ച്ചകള്‍ സ്വസ്ഥമായി നടത്തേണ്ടതുണ്ടെന്നും പാപ്പാ വ്യക്തമാക്കി. സഭയുടെ ഘടനാപരമായ ഒരു മാനമാണു സിനഡാലിറ്റിയെന്നു മനസ്സിലാക്കാന്‍ ഈ തീരുമാനം സഹായിക്കും. സുവിശേഷത്തിന്റെ ആനന്ദം പ്രഘോഷിക്കുന്ന സഹോദരങ്ങളുടെ ഒരു യാത്രയാണിത്. - പാപ്പാ ചൂണ്ടിക്കാട്ടി.

എല്ലാ സഭാംഗങ്ങളുടെയും പ്രതികരണങ്ങളും അഭിപ്രായങ്ങളും പ്രാദേശിക രൂപതകളിലുടെ സമാഹരിച്ചുകൊണ്ട് 2021 ഒക്‌ടോബറിലാണ് സിനഡാലിറ്റിയെ കുറിച്ചുള്ള സിനഡല്‍ പ്രക്രിയയ്ക്കു മാര്‍പാപ്പ തുടക്കമിട്ടത്. ഒന്നിലേറെ വര്‍ഷങ്ങള്‍ കൊണ്ടു പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന ഈ പ്രക്രിയയുടെ പ്രഥമഘട്ടമായ രൂപതാതല ഘട്ടം ലോകത്തിലെ 114 ദേശീയ മെത്രാന്‍ സംഘങ്ങളില്‍ 112 എണ്ണവും യഥാസമയം പൂര്‍ത്തിയാക്കിയതായി സിനഡ് സെക്രട്ടേറിയറ്റ് അറിയിക്കുന്നു. അമേരിക്കയില്‍ രൂപതാതല ഘട്ടത്തില്‍ ഏഴു ലക്ഷത്തിലധികം വിശ്വാസികള്‍ പങ്കെടുത്തതായാണ് കണക്ക്. വന്‍കരാടിസ്ഥാനത്തിലുള്ള ഘട്ടം അടുത്ത ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സമാപനമായ ആഗോളഘട്ടം എന്നു വിശേഷിപ്പിക്കാവുന്ന മെത്രാന്‍ സിനഡിന്റെ പതിനാറാമത് സാധാരണ പൊതുസമ്മേളനത്തിന്റെ ആദ്യഭാഗം 2023 ഒക്‌ടോബറിലും രണ്ടാം ഭാഗം 2024 ഒക്‌ടോബറിലും ചേരുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org