
നിക്കരാഗ്വയിലെ ഡാനിയല്‍ ഒര്‍ട്ടേഗായുടെ സ്വേച്ഛാധിപത്യഭരണകൂടത്തിന്റെ പിന്തുണയോടെ കത്തോലിക്കാസഭക്കെതിരെ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ അരങ്ങേറിയത് 529 അക്രമങ്ങള്‍. 2023 ല്‍ ഇതുവരെ 90 അതിക്രമങ്ങള്‍ നടന്നു കഴിഞ്ഞു. ഗവേഷകയും അഭിഭാഷകയുമായ മാര്‍ത്ത പട്രീഷ്യ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരമാണിത്.
അനേകം പുരോഹിതരെയും അത്മായരെയും ഭരണകൂടം ജയിലില്‍ അടച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 26 വര്‍ഷത്തെ തടവിനു ശിക്ഷിച്ച് ജയിലില്‍ അടച്ച ബിഷപ് റൊളാണ്ടോ അല്‍വാരെസ് ഉള്‍പ്പെടെയാണിത്. 32 കത്തോലിക്കാ സന്യസ്തരെ രാജ്യഭ്രഷ്ടരാക്കി. പള്ളിയുടെ ഉടമസ്ഥതയിലുള്ള 7 കെട്ടിടങ്ങള്‍ പിടിച്ചെടുത്തു. നിരവധി മാധ്യമസ്ഥാപനങ്ങള്‍ അടച്ചു പൂട്ടി.
സഭയ്‌ക്കെതിരെ നടക്കുന്ന എല്ലാ അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് പട്രീഷ്യ സൂചിപ്പിക്കുന്നുണ്ട്. ഭയം മൂലവും കൂടുതല്‍ അക്രമങ്ങള്‍ വിളിച്ചു വരുത്താതിരിക്കുക എന്ന വിവേകചിന്ത മൂലവും പല അക്രമങ്ങള്‍ക്കെതിരെയും അധികാരികള്‍ പരാതികളുന്നയിക്കാറില്ല എന്ന് അവര്‍ വിശദീകരിച്ചു.