നിക്കരാഗ്വന്‍ മെത്രാന് 26 വര്‍ഷത്തെ തടവുശിക്ഷ, വൈദികരെ നാടു കടത്തി

നിക്കരാഗ്വന്‍ മെത്രാന് 26 വര്‍ഷത്തെ തടവുശിക്ഷ, വൈദികരെ നാടു കടത്തി
Published on

നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യഭരണകൂടം ബിഷപ് റൊളാണ്ടോ ജോസ് അല്‍വാരെസിനെ 26 വര്‍ഷത്തെ തടവുശിക്ഷക്കു വിധിച്ചു. രാജ്യത്തെ വഞ്ചിച്ചു എന്നതാണു ചുമത്തിയിരിക്കുന്ന കുറ്റം. വൈദികരും കത്തോലിക്കാ നേതാക്കളും ഉള്‍പ്പെടെ ഇരുനൂറോളം പേരെ രാജ്യത്തിനു പുറത്താക്കുകയും ചെയ്തു. നാടു കടത്താനുള്ളവരുടെ കൂടെ അമേരിക്കയിലേക്കുള്ള വിമാനത്തിലേക്കു ബിഷപ്പിനെ അയച്ചുവെന്നും വിമാനത്താവളത്തില്‍ വച്ച് വിമാനത്തില്‍ കയറാന്‍ അദ്ദേഹം വിസമ്മതിക്കുകയായിരുന്നുവെന്നും നിക്കരാഗ്വന്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗാ അവകാശപ്പെട്ടു. രാജ്യസുരക്ഷക്കും പരമാധികാരത്തിനും എതിരെ പ്രവര്‍ത്തിച്ച ബിഷപ്പിന്റെ നിക്കരാഗ്വന്‍ പൗരത്വം റദ്ദാക്കുന്നതായും പൗരാവകാശങ്ങള്‍ ഇനി ഉണ്ടായിരിക്കില്ലെന്നും വിധിന്യായത്തില്‍ പറയുന്നു. വിധിയനുസരിച്ച് ബിഷപ് അല്‍വാരെസ് 2049 വരെ ജയിലില്‍ കഴിയേണ്ടി വരും. അമ്പത്തേഴുകാരനാണ് അദ്ദേഹം.

വിധിയുടെ വിവരമറിഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ ബിഷപ്പിനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തി. വാര്‍ത്ത തന്നെ അതീവദുഃഖിതനാക്കുന്നുവെന്നും നാടുകടത്തപ്പെട്ടവരും ജയിലില്‍ അടക്കപ്പെട്ടവരുമായ എല്ലാ നിക്കരാഗ്വക്കാര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും പാപ്പാ പറഞ്ഞു.

ഒര്‍ട്ടേഗായും വൈസ് പ്രസിഡന്റായ ഭാര്യയും കൂടി നയിക്കുന്ന നിക്കരാഗ്വയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടത്തിന്റെ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്നയാളാണ് ബിഷപ് അല്‍വാരെസ്. നിരവധി വൈദികരും സഭാംഗങ്ങളും ജനാധിപത്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളിലുണ്ട്. 2022 ആഗസ്റ്റില്‍ ബിഷപ് അല്‍വാരെസിനെയും ഏതാനും വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും ഒര്‍ട്ടേഗാ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org