
ഡാനിയല്‍ ഒര്‍ട്ടേഗായുടെ ഭരണകൂടം അധികാരത്തിലെത്തിയതിനു ശേഷം നിക്കരാഗ്വയില്‍ കത്തോലിക്കാസഭയ്‌ക്കെതിരെ 190 അക്രമങ്ങള്‍ അരങ്ങേറിയതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ മനാഗുവായിലെ കത്തീഡ്രലിലുണ്ടായ തീവയ്പും മെത്രാന്മാര്‍ക്കും വൈദികര്‍ക്കുമെതിരായ അതിക്രമങ്ങളും ഉള്‍പ്പെടെയാണിത്. നിക്കരാഗ്വ നേരിടുന്ന മനുഷ്യാവകാശലംഘനങ്ങളുടെ പ്രതിസന്ധിഘട്ടത്തില്‍ കത്തോലിക്കാസഭ വഹിക്കുന്ന പങ്കു നിര്‍ണായകമാണെന്ന് ഒരു അഴിമതിവിരുദ്ധ-സുതാര്യതാ നിരീക്ഷക പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2007 ലാണ് നിക്കരാഗ്വയില്‍ ഒര്‍ട്ടേഗാ അധികാരത്തിലെത്തിയത്. തുടര്‍ച്ചയായ മനുഷ്യാവകാശലംഘനങ്ങളെ തുടര്‍ന്ന് 2018-ല്‍ രാജ്യമെങ്ങും ഭരണകൂടത്തിനെതിരെ പ്രക്ഷോഭങ്ങളാരംഭിച്ചു. ഇതിനെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളില്‍ നാനൂറോളം പേര്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. ഈ മനുഷ്യാവകാശപ്രക്ഷോഭങ്ങളെ മെത്രാന്മാര്‍ പിന്തുണച്ചതിനെ തുടര്‍ന്നാണു ഭരണകൂടം സഭയ്‌ക്കെതിരെ തിരിഞ്ഞത്. ഒര്‍ട്ടേഗാ നേരിട്ട് മെത്രാന്മാരെയും സഭയെയും അധിക്ഷേപിക്കുന്ന നിരവധി പ്രസ്താവനകളിറക്കുകയും ചെയ്തു.
കഴിഞ്ഞ മാര്‍ച്ചില്‍ നിക്കരാഗ്വയിലെ വത്തിക്കാന്‍ സ്ഥാനപതിയെ ഭരണകൂടം പുറത്താക്കി. നിക്കരാഗ്വയിലെ സര്‍ക്കാരിന്റെ നടപടികളെ വിവിധ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ കത്തോലിക്കാ മെത്രാന്‍ സംഘങ്ങള്‍ അപലപിച്ചിട്ടുണ്ട്.