1945 ഓഗസ്റ്റ് 9 ന് ജപ്പാനിലെ നാഗസാക്കിയില്‍ അമേരിക്കന്‍ സൈന്യമിട്ട ആണവ ബോംബ് നഗരത്തെ അപ്പാടെ നശിപ്പിച്ചെങ്കിലും നഗരപ്രാന്തത്തിലെ കുന്നിന്‍ മുകളില്‍ സ്ഥാപിക്കപ്പെട്ടിരുന്ന കത്തോലിക്ക ആശ്രമം അവശേഷിച്ചു. ആണവ സ്‌ഫോടനത്തിന്റെ വാര്‍ഷികങ്ങളിലെല്ലാം ആശ്രമം ആ ദുരന്തത്തെ അനുസ്മരിക്കുന്നു. സ്‌ഫോടന ദിനത്തില്‍ തന്നെ 40,000 പേര്‍ കൊല്ലപ്പെടുകയും അറുപതിനായിരത്തിലധികം പേര്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ അണുവികിരണ സംബന്ധമായ രോഗങ്ങളാല്‍ മരണമടയുകയും ചെയ്ത ലോകചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം ആയിരുന്നല്ലോ നാഗസാക്കി. 14000 വീടുകളും പരിശുദ്ധ മാതാവിന്റെ നാമധേയത്തിലുള്ള നാഗസാക്കി കത്തീഡ്രലും സ്‌ഫോടനത്തില്‍ തകര്‍ക്കപ്പെട്ടു.
സ്‌ഫോടനത്തിന് 14 വര്‍ഷം മുമ്പാണ് വിശുദ്ധ മാക്‌സിമില്യന്‍ കോള്‍ബെ നാഗസാക്കിയില്‍ ആശ്രമം സ്ഥാപിച്ചത്. മിഷനറി പ്രവര്‍ത്തനം ജപ്പാനിലേക്ക് വ്യാപിപ്പിക്കുന്നതിന്റെയും അമലോല്‍ഭവ മാതാവിന്റെ പേരിലുള്ള മാസിക അവിടെനിന്ന് പ്രസിദ്ധീകരിക്കുന്നതിന്റെയും ഭാഗമായിട്ടാണ് ഫാ. കോള്‍ബെ ജപ്പാനില്‍ എത്തിയത്.
നാഗസാക്കി ശക്തമായ കത്തോലിക്കാ സാന്നിധ്യം ഉണ്ടായിരുന്ന ഒരു നഗരമാണ്. മാസിക പ്രസിദ്ധീകരിക്കാന്‍ നാഗസാക്കിയിലെ ബിഷപ്പ്, ഫാ. കോള്‍ബെയെ അനുവദിച്ചു. അതിന് പ്രതിനന്ദിയായി സെമിനാരിയില്‍ ദൈവശാസ്ത്ര അധ്യാപകനായി കോള്‍ബെ ജോലി നോക്കുകയും ചെയ്തു.
അതിന്റെ ഭാഗമായാണ് കുന്നിന്‍ മുകളില്‍ ആശ്രമനിര്‍മ്മാണവും അദ്ദേഹം ആരംഭിച്ചത്. കുന്നിന്‍ മുകളില്‍ ആശ്രമം നിര്‍മ്മിക്കുന്നതിനെ അക്കാലത്ത് പലരും എതിര്‍ത്തെങ്കിലും ഒറ്റപ്പെട്ട ആ സ്ഥലം കോള്‍ബെ തിരഞ്ഞെടുക്കുകയായിരുന്നു. അതു പിന്നീട് അനുഗ്രഹമായി മാറി.
1931 ല്‍ ജപ്പാനില്‍ എത്തിയ ഫാ. കോള്‍ബെ അനാരോഗ്യത്തെ തുടര്‍ന്ന് 36 ല്‍ പോളണ്ടിലേക്ക് മടങ്ങിപ്പോയി. പിന്നീടദ്ദേഹം നാസികളുടെ തടവിലാകുകയും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ അടയ്ക്കപ്പെടുകയും മറ്റൊരു തടവുകാരന് പകരമായി 1941 ഓഗസ്റ്റ് 14 ന് വധിക്കപ്പെടുകയും ചെയ്തു. നാലു വര്‍ഷങ്ങള്‍ക്കുശേഷം ആയിരുന്നു നാഗസാക്കി ആണവ സ്‌ഫോടനം.