
നൈജീരിയയില്‍, ഇസ്ലാമിക തീവ്രവാദികളായ ഫുലാനി സംഘം വൈദികമന്ദിരത്തിനു തീവച്ചപ്പോള്‍ അകത്തുണ്ടായിരുന്ന ഒരു വൈദികവിദ്യാര്‍ത്ഥി അതിനകത്തു വെന്തു മരിച്ചു. രണ്ടു വൈദികരെ തട്ടിക്കൊണ്ടുപോകുക എന്ന ലക്ഷ്യവുമായാണ് അക്രമികള്‍ വന്നതെന്നു കരുതുന്നു. വൈദികമന്ദിരത്തിനുള്ളില്‍ കയറാന്‍ കഴിയാതെ വന്നപ്പോള്‍ തീ വയ്ക്കുകയായിരുന്നു. വൈദികര്‍ക്കു രക്ഷപ്പെടാന്‍ കഴിഞ്ഞെങ്കിലും 25 കാരനായ സെമിനാരി വിദ്യാര്‍ത്ഥി തീയില്‍ പെടുകയായിരുന്നു. പള്ളിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ സൈന്യത്തിന്റെ ഒരു ചെക് പോയിന്റ് ഉണ്ടായിരുന്നുവെങ്കിലും യാതൊരു സഹായവും ലഭിച്ചില്ലെന്ന് രൂപതയുടെ ബിഷപ് ജൂലിയസ് യാക്കൂബ് പറഞ്ഞു. നൈജീരിയായിലെ പൗരന്മാര്‍ക്ക് യാതൊരു സുരക്ഷിതത്വവുമില്ലെന്നും സുരക്ഷാസേനകളുടെ സഹായം തീരെ കിട്ടുന്നില്ലെന്നും ബിഷപ് പറഞ്ഞു.
സംഘമായി വന്ന് ക്രൈസ്തവ ഗ്രാമങ്ങള്‍ ആക്രമിച്ചു കൊള്ളയടിച്ചു പോകുന്നവരാണ് ഫുലാനികള്‍. ഇവര്‍ക്ക് ഐസിസ് പോലെയുള്ള അന്താരാഷ്ട്ര മുസ്ലീം തീവ്രവാദിസംഘങ്ങളില്‍ നിന്ന് ആധുനിക ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ലഭിക്കുന്നതായും വാര്‍ത്തകളുണ്ട്. ഈ രൂപതയില്‍ ഫുലാനി കൊള്ളക്കാരുടെ അക്രമത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സെമിനാരിക്കാരനായ നാമാന്‍ ഡന്‍ലാമിയെന്നു ബിഷപ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം രൂപത മാധ്യമവിഭാഗം ഡയറക്ടറായിരുന്ന ഫാ. ജോണ്‍ മാര്‍ക് ചെയ്റ്റ്‌നമിനെ കൊലപ്പെടുത്തിയിരുന്നു.
2022-ല്‍ നൈജീരിയയില്‍ നാലു കത്തോലിക്കാ വൈദികരാണു കൊല്ലപ്പെട്ടത്. 28 വൈദികരെ തട്ടിക്കൊണ്ടുപോയി. ഈ വര്‍ഷം ഇതുവരെ തട്ടിക്കൊണ്ടുപോകലിന് ഇരകളായ വൈദികരുടെ എണ്ണം 14 ആയി.