
നൈജീരിയായില്‍ ഇസ്ലാമിക ഭീകരവാദികളുടെ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ പാര്‍ലിമെന്റിന്റെ സഹായം തേടുകയാണു പ്രാദേശിക സഭാനേതൃത്വം. അക്രമങ്ങളോടു നൈജീരിയന്‍ ഭരണകൂടം നിഷ്‌ക്രിയത്വം സ്വീകരിക്കുകയാണെന്നു സഭാധികാരികള്‍ കുറ്റപ്പെടുത്തി. ഒക്‌ടോബര്‍ രണ്ടാം വാരം ബെന്യൂ യെലെവാതാ പട്ടണത്തില്‍ നടന്ന അക്രമത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതാണ് ഒടുവിലുണ്ടായ സംഭഴമെന്നു മകുര്‍ദി രൂപതാ വക്താവ് ഫാ. മോസസ ഇയോരാപു പറഞ്ഞു. പട്ടണത്തില്‍ നൈജീരിയന്‍ പട്ടാളത്തിന്റെ സാന്നിദ്ധ്യമുണ്ടായിരിക്കെയായിരുന്നു ഈ അക്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നൂറോളം പേര്‍ വരുന്ന ഭീകരവാദി സംഘം മൂന്നു ദിശകളില്‍ നിന്നു പട്ടണത്തിലേയ്ക്കു പ്രവേശിക്കുകയും പൗരന്മാര്‍ക്കു നേരെ മൂന്നു മണിക്കൂര്‍ വെടിയുതിര്‍ക്കുകയുമായിരുന്നു.
ഈ അക്രമം അരങ്ങേറിയ ബെന്യൂ ഒരു ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമാണ്. പക്ഷേ കഴിഞ്ഞ ഇരുപതോളം വര്‍ഷമായി അടുത്തുള്ള സംസ്ഥാനങ്ങളില്‍ നിന്നു മുസ്ലീം ഭീകരര്‍ എത്തുകയും ഇടയ്ക്കിടെ അക്രമങ്ങള്‍ അഴിച്ചു വിടുകയും ചെയ്യുന്നു. ഇതുമൂലം ധാരാളം ക്രൈസ്തവര്‍ വീടും കൃഷിയിടങ്ങളും ഉപേക്ഷിച്ച് അഭയാര്‍ത്ഥികളായി പലായനം ചെയ്തു. സൈന്യത്തിന്റെ ഉദാസീനതയാണ് പലപ്പോഴും ഭീകരവാദികള്‍ പ്രയോജനപ്പെടുത്തുന്നതെന്നു ജനങ്ങള്‍ ആരോപിക്കുന്നുണ്ട്.
2019 ലാണ് യന്ത്രത്തോക്കുകളുമായി വരുന്ന ഫൂലാനി കാലിമേച്ചില്‍ സംഘങ്ങളുടെ രൂക്ഷമായ അക്രമങ്ങള്‍ ആരംഭിച്ചത്. ഇവരില്‍ ഒരാളെ പോലും ഇന്നു വരെ അറസ്റ്റ് ചെയ്യാന്‍ സൈന്യത്തിനു സാധിച്ചിട്ടില്ലെന്നു രൂപതാ വക്താവ് പറഞ്ഞു. നൈജീരിയായിലെ സഹനമനുഭവിക്കുന്ന ക്രൈസ്തവര്‍ക്കു വേണ്ടി ശബ്ദിക്കണമെന്നു രൂപതാ ബിഷപ് വില്‍ഫ്രഡ് ചിക്പാ യൂറോപ്യന്‍ യൂണിയനിലെ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു. ബ്രസല്‍സിലെ യൂറോപ്യന്‍ പാര്‍ലിമെന്റിനു മുമ്പാകെ ബിഷപ് ഈ വിഷയം ഉന്നയിക്കുകയും ചെയ്തു.