

കഴിഞ്ഞ ജൂലൈ പത്താം തീയതി നൈജീരിയയിലെ ഔചി രൂപതയുടെ കീഴിലുള്ള അമലോത്ഭവമാതാ സെമിനാരിയില്‍നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട മൂന്ന് സെമിനാരിക്കാരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടു സെമിനാരിക്കാര്‍ സ്വാതന്ത്രരാക്കപ്പെട്ടു. സംഭവത്തില്‍ ഒരു സുരക്ഷാപ്രവര്‍ത്തകനും കൊല്ലപ്പെട്ടു.
എഡോ സംസ്ഥാനത്തുള്ള ഇവിയാനോക്‌പൊടിയിലുള്ള അമലോത്ഭവമാതാ സെമിനാരിയില്‍നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട എമ്മാനുവേല്‍ അലാബി എന്നയാളാണ് കൊല്ലപ്പെട്ടത്. അതേസമയം കൂടെയുണ്ടായിരുന്ന ജോഷ്വാ അലെയോബ്വാ എന്ന സെമിനാരിക്കാരന്‍ സ്വാതന്ത്രനാക്കപ്പെട്ടു. ജൂലൈ 18-ാം തീയതി ജാഫെറ്റ് ജെസ്സെ എന്ന സെമിനാരിക്കാരന്‍ സ്വതന്ത്രനാക്കപ്പെട്ടി രുന്നു. സംഭവവുമായി ബന്ധപ്പെട്ട്, ക്രിസ്റ്റഫര്‍ അവനെഗി യെമേ എന്ന സുരക്ഷപ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു.
ജൂലൈ പത്താം തീയതി രാത്രിയാണ് സായുധസംഘം അമലോത്ഭവമാതാ സെമിനാരി ആക്രമിച്ച് സെമിനാരി ക്കാരെ തട്ടികൊണ്ടുപോയത്. ഇവരില്‍ ജൂലൈ 18-ന് ജാഫെറ്റ് ജെസ്സെയും, നവംബര്‍ 4-ന് ജോഷ്വാ അലെയോ ബ്വായും സ്വാതന്ത്രരാക്കപ്പെട്ടുവെന്ന് ഔചി രൂപതയിലെ മാധ്യമവിഭാഗം ഉപമേധാവി, ഫാ. ലിനസ് ഇമോദേമേ ഫീദെസ് ഏജന്‍സിയെ അറിയിക്കുകയായിരുന്നു.
തങ്ങളുടെ യുവ വൈദികാര്‍ഥിയുടെ മരണത്തില്‍ ഔചി രൂപതാധ്യക്ഷന്‍ ബിഷപ് ഗബ്രിയേല്‍ ഗ്യാക്കൊമോ ദുനിയാ തങ്ങളുടെ തീവ്രമായ ദുഃഖം രേഖപ്പെടുത്തി. ആളുകളുടെ ജീവന്‍ സംരക്ഷിക്കാന്‍വേണ്ടിയുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ അദ്ദേഹം സുരക്ഷാസേനകളോട് അഭ്യര്‍ഥിച്ചു.