
'നാപാം പെണ്‍കുട്ടി'യെന്ന പേരില്‍ ലോകപ്രസിദ്ധമായി തീര്‍ന്ന ഫോട്ടോയിലെ പെണ്‍കുട്ടിയും ആ ഫോട്ടോയെടുത്ത ഫോട്ടാഗ്രാഫറും ഒന്നിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ലോകത്തില്‍ യുദ്ധവിരുദ്ധവികാരം വളര്‍ത്തുന്നതില്‍ നിര്‍ണായകപങ്കു വഹിച്ചതാണ് വിയറ്റ്‌നാം യുദ്ധത്തില്‍ നിന്നുള്ള ഈ ചിത്രം. നിക്ക് ഉട് എടുത്ത ഫോട്ടോയ്ക്ക് 1972 ലെ പുലിറ്റ്‌സര്‍ സമ്മാനവും ലഭിച്ചിരുന്നു.
ഫാങ് തി കിം ഫുക് ആണ് ഫോട്ടോയിലെ പെണ്‍കുട്ടി. അവര്‍ക്ക് 9 വയസ്സുള്ള സമയത്താണ് ഈ ഫോട്ടോയെടുത്തത്. വിയറ്റ്‌നാമില്‍ അമേരിക്ക നടത്തിയ യുദ്ധത്തിനിടെ നാപാം ബോംബാക്രമണങ്ങളില്‍ നിന്നു രക്ഷതേടി ഓടുന്നതാണു ചിത്രം. 59 കാരിയായ കിം ഫുക് ഇപ്പോള്‍ കാനഡായിലാണു കഴിയുന്നത്. ഉക്രെയിന്‍ യുദ്ധത്തിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ ആവര്‍ത്തിച്ചു ശബ്ദമുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഇവര്‍ വത്തിക്കാനിലെത്തിയത്.