
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും ദുരിതത്തിലേയ്ക്ക് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്ന നാദിയ മുറാദ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. സംഘര്‍ഷഭൂമികളിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും കാര്യം ലോകം ശ്രദ്ധിക്കാതിരുന്നാല്‍ അവരുടെ ശരീരങ്ങളിന്മേലാണ് യുദ്ധം നടക്കുകയെന്നും അഫ്ഗാനിസ്ഥാനില്‍ ഇതു സംഭവിക്കരുതെന്നും നാദിയ ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും കവര്‍ന്നെടുക്കാന്‍ താലിബാനെ അനുവദിക്കരുതെന്നു താലിബാന്‍ അധികാരം പിടിച്ചയുടനെ നാദിയ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ ഇറാഖ് കീഴ്‌പ്പെടുത്തിയപ്പോള്‍ അവരുടെ അടിമയായി മാറിയ ആളാണ് യസീദി വംശജയായ നാദിയ മുറാദ്. ആറു സഹോദരങ്ങളെ കൊലപ്പെടുത്തിയ ശേഷമാണ് നാദിയായെ ഭീകരവാദികള്‍ അടിമയാക്കിയത്. നാദിയയും അടിമയാക്കപ്പെട്ട മറ്റു സ്ത്രീകളും ഐസിസ് തടവറയില്‍ നിരന്തരമായ ബലാത്സംഗങ്ങള്‍ക്ക് ഇരയാകുകയും പല തവണ ക്രയവിക്രയം ചെയ്യപ്പെടുകയും ചെയ്തു. മൂന്നു മാസങ്ങള്‍ക്കു ശേഷം തീവ്രവാദികളുടെ പിടിയില്‍ നിന്നു രക്ഷപ്പെട്ട് ജര്‍മ്മനിയിലെത്തിയ നാദിയ പിന്നീട് ഇറാഖിലെ സാഹചര്യങ്ങള്‍ ലോകത്തിന്റെ മുമ്പില്‍ കൊണ്ടു വന്നു. സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനും അവര്‍ അര്‍ഹയായി.
2018 ല്‍ നോബല്‍ സമ്മാനം ലഭിച്ചയുടനെയും നാദിയ മുറാദ് ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു. ഇറാഖ് സന്ദര്‍ശിക്കാന്‍ തനിക്കു പ്രേരണയായവരില്‍ ഒരാള്‍ നാദിയ മുറാദ് ആണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്. നാദിയായുടെ ഓര്‍മ്മക്കുറിപ്പുകളുടെ പുസ്തകമായ 'ദി ലാസ്റ്റ് ഗേള്‍' വായിക്കണമെന്നും അന്നു പത്രസമ്മേളനത്തില്‍ മാര്‍പാപ്പ നിര്‍ദേശിച്ചു. ഇറാഖിലെ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും പ്രത്യാശ പകര്‍ന്ന ഒന്നായിരുന്നു മാര്‍പാപ്പയുടെ സന്ദര്‍ശനമെന്നു നാദിയ പറഞ്ഞു. ഇറാഖില്‍ നടന്ന യസീദി വംശഹത്യയെ കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ ഇപ്രാവശ്യം മാര്‍പാപ്പയുമായി താന്‍ നടത്തിയെന്നും നാദിയ അറിയിച്ചു.