മെക്‌സിക്കോയിലെ ഗുരേരോ പ്രവിശ്യയിലെ നാല് കത്തോലിക്കാ മെത്രാന്മാര്‍ അവിടെ സംഘടിതകുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഘങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് വാര്‍ത്തയായി. മേഖലയില്‍ സമാധാനം സ്ഥാപിക്കുകയായിരുന്നു മെത്രാന്മാരുടെ ലക്ഷ്യമെന്ന് സഭാധികാരികള്‍ അറിയിച്ചു. ലക്ഷ്യം നേടാനായില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
ജനങ്ങള്‍ വലിയ സഹനം അനുഭവിക്കുമ്പോള്‍ അതിനോട് നിസംഗത പുലര്‍ത്താന്‍ കത്തോലിക്കാ സഭയ്ക്ക് കഴിയില്ല എന്നുള്ളതാണ് ഈ കൂടിക്കാഴ്ചയുടെ പ്രാഥമികമായ കാരണമെന്ന് മെക്‌സിക്കന്‍ മെത്രാന്‍ സംഘത്തിന്റെ വക്താവ് ഫാ. മാരിയോ എയ്ഞ്ചല്‍ റാമോസ് ചൂണ്ടിക്കാട്ടി. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നവരാണ് ഇടവക വികാരിമാര്‍. സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് മധ്യസ്ഥരായി പ്രവര്‍ത്തിക്കാന്‍ വികാരിമാര്‍ നിര്‍ബന്ധിതരാണ്. പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ സഭയ്ക്ക് സാധിച്ചെന്നു വരില്ല. കുറ്റവാളി സംഘങ്ങള്‍ പരസ്പരം പോരടിച്ച് മനുഷ്യരുടെ സാധാരണ ജീവിതം അസാധ്യമാക്കുന്നതിന് താല്‍ക്കാലിക പരിഹാരങ്ങള്‍ കണ്ടെത്തുകയാണ് സഭ ചെയ്യുന്നത്. സമാധാനം പാലിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെടുന്നത് കൊണ്ടാണ് സഭയ്ക്ക് ഇത്തരം നടപടികള്‍ സ്വീകരിക്കേണ്ടി വരുന്നത് - അദ്ദേഹം വിശദീകരിച്ചു.
ഗുരേരോ പ്രവിശ്യയിലെ അക്രമങ്ങള്‍ എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണെന്നും മനുഷ്യജീവനോട് ആദരവില്ലാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്നും ഫാ. റാമോസ് ചൂണ്ടിക്കാട്ടി. ഇവിടെ ജനങ്ങളുടെ സഹനം കഴിയുന്നത്ര ലഘൂകരിക്കുക എന്നതാണ് സഭ ഉദ്ദേശിക്കുന്നത്. മാഫിയ സംഘങ്ങള്‍ വൈദീകരോടും മെത്രാന്മാരോടും കുറച്ച് ആദരവ് പുലര്‍ത്തുന്നുണ്ട്. അതിനെ ജനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത് - അദ്ദേഹം വിശദീകരിച്ചു. ലോകത്തിലെ ഏറ്റവും അക്രമാസക്തമായ 50 നഗരങ്ങളില്‍ ഒന്നാണ് ഗുരേരോ. 2023-ല്‍ ഇവിടെ 1398 കൊലപാതകങ്ങളാണ് നടന്നത്.