28 കാരിയായ അമ്മ വിശുദ്ധപദവിയിലേക്ക്

28 കാരിയായ അമ്മ വിശുദ്ധപദവിയിലേക്ക്

2012 ല്‍ കാന്‍സര്‍ മൂലം മരണമടഞ്ഞ 28 കാരിയായ കിയാറ കോര്‍ബെല്ല പെട്രില്ലോയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള രൂപതാതല അന്വേഷണങ്ങള്‍ സമാപിച്ചു. റോം രൂപതയിലെ അംഗമായിരുന്നു ഇവര്‍. സമകാലിക ക്രിസ്ത്യന്‍ തലമുറകള്‍ക്കുള്ള ക്രൈസ്തവ ജീവിതമാതൃകയായി ഇവരെ സഭ വൈകാതെ അംഗീകരിക്കുമെന്ന് റോം രൂപതയുടെ വൈസ് റീജന്റ് ബിഷപ്പ് ബാല്‍ദസാരി റൈന പ്രസ്താവിച്ചു. രൂപതാതല അന്വേഷണത്തിനു സമാപനം കുറിച്ച ചടങ്ങില്‍ ഷിയാറയുടെ ഭര്‍ത്താവ് എന്‍ട്രിക്കോ പെട്രിലോയും 13 വയസ്സുള്ള മകനും കിയാറയുടെ മാതാപിതാക്കളും സഹോദരിയും സന്നിഹിതരായിരുന്നു.

കിയാറായുടെ മരണം കഴിഞ്ഞ് കൃത്യം അഞ്ചു വര്‍ഷത്തിനുശേഷം ആണ് നാമകരണ നടപടികള്‍ രൂപതാതലത്തില്‍ ആരംഭിച്ചത്.

2008 വിവാഹിതയായ കിയാറക്കും ഭര്‍ത്താവിനും വിവാഹ ജീവിതത്തിന്റെ ആദ്യ രണ്ടു വര്‍ഷത്തിനുള്ളില്‍ രണ്ടു കുഞ്ഞുങ്ങളുടെ മരണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നു. ഗര്‍ഭധാരണ വേളയില്‍ രോഗങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും ഭ്രൂണഹത്യക്ക് വിസമ്മതിച്ച് രണ്ടു കുഞ്ഞുങ്ങള്‍ക്കും ജന്മമേകി, മണിക്കൂറുകള്‍ക്കുള്ളില്‍ ആ കുഞ്ഞുങ്ങള്‍ മരണമടയുകയാണുണ്ടായത്. കുഞ്ഞുങ്ങള്‍ സ്വന്തം മാതാപിതാക്കളുടെ കൈകളില്‍ സ്വാഭാവിക മരണം വരിക്കട്ടെയെന്നു തീരുമാനിക്കുകയായിരുന്നു തങ്ങള്‍ എന്ന് പിതാവായ എന്‍ട്രികോ പറഞ്ഞു കാരണം അവര്‍ തങ്ങളെ സംബന്ധിച്ച് വിലപ്പെട്ട മനുഷ്യ ജീവനുകള്‍ ആയിരുന്നു, ഒഴിവാക്കേണ്ട പ്രശ്‌നങ്ങള്‍ ആയിരുന്നില്ല.

കിയാറ മൂന്നാമത് ഗര്‍ഭം ധരിച്ചപ്പോള്‍ പരിശോധനകളില്‍ നിന്ന് കുഞ്ഞ് ആരോഗ്യവാന്‍ ആണെന്ന് തെളിഞ്ഞിരുന്നു. പക്ഷേ വൈകാതെ കിയാറ കാന്‍സര്‍ ബാധിത ആകുകയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org