
വൈദികരുടെയും മറ്റെല്ലാ ക്രൈസ്തവ വിശ്വാസികളുടെയും ജീവിതത്തെ സമ്പുഷ്ടമാക്കാന്‍ സാഹിത്യത്തിന്റെ വായന ഉപകരിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതുന്നു. വായനയില്‍ ചെലവഴിക്കുന്ന സമയം ആന്തരികമായി പുതിയ ഇടങ്ങള്‍ തുറക്കാന്‍ നമ്മെ സഹായിക്കും. വ്യക്തിപരമായ വളര്‍ച്ചയുടെ വഴിയില്‍ ഒഴിയാബാധയായി നില്‍ക്കുന്ന ചുരുങ്ങിയ ചിന്തകളുടെ കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ അത് സഹായകരമാകും. വ്യക്തിപരമായ വിവേചനം, അപരനോടുള്ള അനുകമ്പ, നമ്മുടെ സമകാലിക സംസ്‌കാരവുമായുള്ള സംഭാഷണം തുടങ്ങിയവ സാധ്യമാക്കാന്‍ സാഹിത്യ വായന വ്യക്തികളെ സഹായിക്കുന്നു. ആധുനിക ദൃശ്യശ്രാവ്യ മാധ്യമങ്ങളെക്കാള്‍ ആഴമേറിയ വിധത്തില്‍ ഇതെല്ലാം ചെയ്യാന്‍ വായന സഹായിക്കുന്നു. നാം വായിക്കുന്ന ഓരോ പുതിയ കൃതിയും നമ്മെ നവീകരിക്കുകയും നമ്മുടെ ലോകവീക്ഷണം വിശാലമാക്കുകയും ചെയ്യുന്നു - പാപ്പ എഴുതി.
കവിതയും സാഹിത്യവും വായിക്കുന്നതിന് സമയം നീക്കിവെച്ചിരിക്കുന്ന സെമിനാരികളെ ഫ്രാന്‍സിസ് മാര്‍പാപ്പ ശ്ലാഘിച്ചു. ഉപരിപ്ലവവും വ്യാജവും വിഷമയവുമായ ഉള്ളടക്കം നിറഞ്ഞ സ്‌ക്രീനുകളുടെ അടിമത്വത്തില്‍ നിന്ന് മോചനം നേടാന്‍ ഇത് ആവശ്യമാണ്. തങ്ങളുടെ ജീവിതത്തോട് സംസാരിക്കുന്നതും താങ്കളുടെ ജീവിതയാത്രയില്‍ യഥാര്‍ത്ഥ സഹയാത്രികര്‍ ആകുന്നതുമായ പുസ്തകങ്ങളെ കണ്ടെത്താന്‍ എല്ലാവര്‍ക്കും സാധിക്കും. പാഗന്‍ കവിതയുടെ വിത്തുകള്‍ ശേഖരിച്ച വിശുദ്ധ പൗലോസിന്റെ മാതൃക അനുകരണീയമാണ്. തങ്ങളുടെ കാലത്തെ സാഹിത്യഗ്രന്ഥങ്ങളെക്കുറിച്ച് അറിവുള്ള ക്രൈസ്തവര്‍ക്ക് മറ്റുള്ളവരെ യേശുക്രിസ്തുവിലൂടെ ദൈവത്തിലേക്ക് അടുപ്പിക്കാന്‍ സാധിക്കും. യേശുക്രിസ്തുവിന്റെ മാംസത്തിന്റെ കാഴ്ച നമുക്ക് നഷ്ടമാകരുത്. അഭിനിവേശങ്ങളുടെയും വികാരങ്ങളുടെയും ആശ്വസിപ്പിക്കുന്നതും വെല്ലുവിളിക്കുന്നതുമായ വാക്കുകളുടെയും സ്പര്‍ശിക്കുന്നതും സുഖപ്പെടുത്തുന്നതുമായ കരങ്ങളുടെയും വിമോചിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ നോട്ടങ്ങളുടെയും ആതിഥ്യവും ക്ഷമയും ധീരതയും അടങ്ങുന്ന സ്‌നേഹത്തിന്റെയും മാംസം കൊണ്ടു നിര്‍മ്മിതമായ ക്രിസ്തുവിന്റെ കാഴ്ച - പാപ്പ എഴുതി. പ്രധാനമായും വൈദികപരിശീലനരംഗത്തുള്ളവരെ ലക്ഷ്യം വച്ചു തയ്യാറാക്കിയ കത്തായിരുന്നു ഇത്.