വിവാഹങ്ങള്‍ പരസ്പരം അംഗീകരിക്കണമെന്ന് കത്തോലിക്ക ഓര്‍ത്തഡോക്‌സ് കമ്മീഷന്‍

വിവാഹങ്ങള്‍ പരസ്പരം അംഗീകരിക്കണമെന്ന് കത്തോലിക്ക ഓര്‍ത്തഡോക്‌സ് കമ്മീഷന്‍

കത്തോലിക്ക സഭയിലും ഓര്‍ത്തഡോക്‌സ് സഭകളിലും നടക്കുന്ന വിവാഹങ്ങള്‍ പരസ്പരം അംഗീകരിക്കാനുള്ള നടപടികള്‍ ഇരുസഭകളും സ്വീകരിക്കണമെന്ന് അമേരിക്കയിലെ കത്തോലിക്ക ഓര്‍ത്തഡോക്‌സ് ദൈവശാസ്ത്ര സംഭാഷണ കമ്മീഷന്‍ നിര്‍ദേശിച്ചു. 1965 ലാണ് ഈ കമ്മീഷന്‍ നിലവില്‍ വന്നത്. അതിനുശേഷം 31 സംയുക്ത പ്രസ്താവനകള്‍ ഇവര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇവ സഭകളോടുള്ള അഭ്യര്‍ത്ഥനകള്‍ മാത്രമാണ്, ആധികാരികമായ പ്രബോധനങ്ങള്‍ അല്ല. പക്ഷേ കത്തോലിക്ക സഭയിലെയും ഓര്‍ത്തഡോക്‌സ് സഭകളിലെയും പ്രമുഖ നേതാക്കള്‍ തന്നെയാണ് കമ്മീഷനിലെ അംഗങ്ങള്‍. കത്തോലിക്ക സഭയെ പ്രതിനിധീകരിക്കുന്നത് ന്യൂജേഴ്‌സിയിലെ കാര്‍ഡിനല്‍ ജോസഫ് ടോബിന്‍ ആണ്. അമേരിക്കയിലെ കാനോനിക ഓര്‍ത്തഡോക്‌സ് മെത്രാന്‍ സംഘമാണ് ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിനിധിയെ അയക്കുന്നത്.

ഓര്‍ത്തഡോക്‌സുകാരും കത്തോലിക്കരും തമ്മിലുള്ള വിവാഹങ്ങളെ പരസ്പരം അംഗീകരിക്കുന്നതും കത്തോലിക്കാ പള്ളികളില്‍ നടന്നിട്ടുള്ള മിശ്രവിവാഹങ്ങളെ ഓര്‍ത്തഡോക്‌സ് സഭ അംഗീകരിക്കുന്നതും സഭൈക്യത്തിലേക്കുള്ള ഒരു നിര്‍ണ്ണായക ചുവടുവയ്പ് ആയിരിക്കുമെന്ന് കമ്മീഷന്‍ അഭിപ്രായപ്പെടുന്നു.

കത്തോലിക്ക, ഓര്‍ത്തഡോക്‌സ് വിവാഹ കര്‍മ്മങ്ങള്‍ തമ്മില്‍ ദൈവശാസ്ത്രപരമായ ചില വ്യത്യാസങ്ങളുണ്ട.് കത്തോലിക്ക വിവാഹത്തില്‍ ദമ്പതിമാരെയാണ് കാര്‍മ്മികരായി സങ്കല്‍പ്പിക്കുന്നതെങ്കില്‍ ഓര്‍ത്തഡോക്‌സ് വിവാഹത്തില്‍ പുരോഹിതന്റെ ആശീര്‍വാദം നിര്‍ബന്ധമാണ്. ഇത്തരം വ്യത്യാസങ്ങളെ അജപാലനാവശ്യങ്ങള്‍ മുന്‍നിര്‍ത്തി അനുഭാവപൂര്‍വം പരിഗണിക്കണം എന്നാണ് കമ്മീഷന്‍ ആവശ്യപ്പെടുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org