മരിയന്‍ ദര്‍ശനങ്ങള്‍: അധികാരം വത്തിക്കാനിലേക്ക്

മരിയന്‍ ദര്‍ശനങ്ങള്‍: അധികാരം വത്തിക്കാനിലേക്ക്

മരിയന്‍ ദര്‍ശനങ്ങളും മറ്റ് അത്ഭുതങ്ങളും നടക്കുന്നുവെന്ന അവകാശവാദങ്ങളില്‍ അന്തിമ വിധിതീര്‍പ്പ് കല്‍പ്പിക്കാനുള്ള അധികാരം പ്രാദേശിക മെത്രാന്മാരില്‍ നിന്ന് വത്തിക്കാനിലേക്ക് കൂടുതലായി കേന്ദ്രീകരിക്കുന്നതാണ് ഇത് സംബന്ധിച്ച് വിശ്വാസകാര്യാലയം പുറത്തിറക്കിയിരിക്കുന്ന പുതിയ രേഖ. തീരുമാനം പ്രഖ്യാപിക്കേണ്ടത് പ്രാദേശിക മെത്രാന്‍ തന്നെയാണെങ്കിലും അതിനു മുന്‍പ് വിശ്വാസകാര്യാലയവുമായി ആലോചിക്കുകയും അന്തിമ അനുമതി നേടുകയും ചെയ്യേണ്ടതാണെന്ന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നു. മുന്‍പും വിശ്വാസകാര്യാലയത്തിന് ഇത്തരം വിഷയങ്ങളില്‍ പങ്കുണ്ടായിരുന്നുവെങ്കിലും അത് ഔപചാരികമായിരുന്നില്ല. ഇനി വിശ്വാസകാര്യാലയത്തിന്റെ പങ്കാളിത്തം കൂടി പരസ്യപ്പെടുത്തിക്കൊണ്ടുള്ളതായിരിക്കും ദിവ്യാത്ഭുതങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനം. ഇതു സംബന്ധിച്ച പുതിയ ചട്ടങ്ങള്‍ പന്തക്കുസ്താ നാളില്‍ പ്രാബല്യത്തിലായി. 1978 ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ സ്ഥാപിച്ച ചട്ടങ്ങള്‍ക്ക് പകരമായിട്ടാണ് ഇത് നിലവില്‍ വന്നിരിക്കുന്നത്.

പഴയ ചട്ടങ്ങള്‍ പ്രകാരം തീരുമാനങ്ങള്‍ എടുക്കുന്നത് അമിതമായി നീണ്ടുപോയിരുന്നതായി വിശ്വാസകാര്യാലയത്തിന്റെ അധ്യക്ഷന്‍ കാര്‍ഡിനല്‍ വിക്ടര്‍ ഫെര്‍ണാണ്ടസ് ചൂണ്ടിക്കാട്ടി. പലപ്പോഴും നിരവധി ദശകങ്ങള്‍ തന്നെ അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതിനായി എടുക്കാറുണ്ടായിരുന്നു. ഇത് സഭാത്മകമായ വിവേചനത്തെ വളരെയേറെ വൈകിപ്പിക്കുന്നു. ചില മെത്രാന്മാര്‍ ദിവ്യാത്ഭുതങ്ങള്‍ അംഗീകരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. അത്ഭുതങ്ങളില്‍ വിശ്വസിക്കണമെന്ന് വിശ്വാസികളെ ബോധപൂര്‍വം പ്രേരിപ്പിക്കുന്ന നടപടികളും ഉണ്ടായിട്ടുണ്ട്. ആധുനിക വാര്‍ത്താ മാധ്യമങ്ങളുടെ വികാസവും തീര്‍ത്ഥാടനങ്ങളുടെ വര്‍ധനവും മൂലം ഇത്തരം അത്ഭുത സംഭവങ്ങള്‍ക്ക് ഒരു ആഗോള സ്വഭാവം കൈവരുന്നുണ്ട്. ഒരു രൂപതയില്‍ എടുക്കുന്ന തീരുമാനത്തിന് മറ്റു സ്ഥലങ്ങളിലും അനന്തരഫലങ്ങള്‍ ഉണ്ടായേക്കാം. ഇത് വിശ്വാസികള്‍ക്ക് ഹാനികരമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രബോധനപരമായ തെറ്റുകള്‍ സംഭവിക്കാനുള്ള സാധ്യതയും ചില കേസുകളില്‍ ഉണ്ട്. സുവിശേഷ സന്ദേശത്തിന്റെ അമിതമായ ലളിതവല്‍ക്കരണവും വിഭാഗീയ ചിന്തകളുടെ പ്രചാരവും ഇവ മൂലം ഉണ്ടായേക്കാം - കാര്‍ഡിനല്‍ വിശദീകരിച്ചു.

ദിവ്യാത്ഭുതം സംബന്ധിച്ച അന്വേഷണം നടക്കുന്ന സമയത്ത് അതിന്റെ ആധികാരികതയ്‌ക്കോ അത്ഭുത സ്വഭാവത്തിനോ അനുകൂലമായ എന്തെങ്കിലും പരസ്യപ്രസ്താവനകള്‍ നല്‍കുന്നതില്‍ നിന്ന് രൂപത മെത്രാന്മാര്‍ വിട്ടുനില്‍ക്കണമെന്ന് പുതിയ ചട്ടങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

അത്ഭുതമെന്ന് അവകാശപ്പെടുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഭക്തിപ്രകടനങ്ങള്‍ ആരംഭിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ സമഗ്രമായ ഒരു അന്വേഷണം ആരംഭിക്കാന്‍ രൂപതാ മെത്രാന് ഗൗരവമായ കടമയുണ്ട്. വിശ്വാസത്തെ സംരക്ഷിക്കാനും ദുരുപയോഗങ്ങള്‍ തടയാനും ഇത് ആവശ്യമാണ്. അന്വേഷണത്തിനായി ഇത്തരം കേസുകളില്‍ മെത്രാന്‍ ഒരു കമ്മീഷനെ സ്ഥാപിക്കണം. ചുരുങ്ങിയത് ഒരു ദൈവശാസ്ത്രജ്ഞന്‍, ഒരു കാനോന്‍ നിയമ വിദഗ്ധന്‍, പ്രതിഭാസത്തിന്റെ സ്വഭാവവുമായി ബന്ധപ്പെട്ട ഒരു വിദഗ്ധന്‍ എന്നിവര്‍ സമിതിയില്‍ ഉണ്ടായിരിക്കണം. കൂടുതല്‍ രൂപതകള്‍ ഉള്‍പ്പെടുന്നു എങ്കില്‍ രൂപതാന്തര കമ്മീഷന്‍ ആയിരിക്കണം ഇത് - രേഖ വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org