വിനാശത്തിന്റെ പതിറ്റാണ്ടിനുശേഷം ക്രൈസ്തവരുടെ മടങ്ങി വരവു കാത്തു മോസുള്‍

വിനാശത്തിന്റെ പതിറ്റാണ്ടിനുശേഷം ക്രൈസ്തവരുടെ മടങ്ങി വരവു കാത്തു മോസുള്‍

ഇറാഖിലെ നിനവേ മേഖലയുടെ ഹൃദയ ഭൂമിയായ മോസുള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് അന്തിമമായി കീഴടങ്ങിയിട്ട് ഈ ജൂണില്‍ പത്തു വര്‍ഷം തികഞ്ഞു. 2003 ല്‍ ആരംഭിച്ച സംഘര്‍ഷങ്ങളുടെയും കലാപങ്ങളുടെയും കൊലപാതകങ്ങളുടെയും ഒടുവിലായിരുന്നു 2014-ലെ സമ്പൂര്‍ണമായ തകര്‍ച്ച. ഈ നഗരത്തില്‍ നിന്നു 2003-ല്‍ ആരംഭിച്ച ക്രൈസ്തവരുടെ പലായനം 2014-ല്‍ മൂര്‍ധന്യത്തിലെത്തി. പിന്നീട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ തുരത്തിയെങ്കിലും തകര്‍ന്നു കിടക്കുന്ന മോസൂള്‍ ഇപ്പോഴും അവിടെനിന്ന് പലായനം ചെയ്ത ക്രൈസ്തവരുടെ മടങ്ങിവരവ് കാത്തിരിക്കുകയാണ്.

''നിര്‍ബന്ധിത മതപരിവര്‍ത്തനം അല്ലെങ്കില്‍ അമുസ്ലിങ്ങള്‍ക്കുള്ള നികുതി അതുമല്ലെങ്കില്‍ മരണം'' എന്ന അന്തിമ കല്‍പ്പന 2014 ജൂലൈ 18 നാണ് ഐഎസ് ഐഎസ് അംഗങ്ങള്‍ വിതരണം ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ ക്രൈസ്തവര്‍ ഇതില്‍ ഏതെങ്കിലും ഒന്നിന് വഴങ്ങണം എന്നായിരുന്നു അവരുടെ അന്ത്യശാസനം. ഇവയില്‍ യാതൊന്നിനും വഴങ്ങാതെ മോസുള്‍ വിട്ടുപോകാന്‍ തീരുമാനിച്ച ക്രൈസ്തവരെ വീട്ടുസാമാനങ്ങളോ പണമോ സ്വര്‍ണ്ണമോ തിരിച്ചറിയല്‍ രേഖക ളോ പോലും എടുക്കാന്‍ ഭീകരര്‍ അനുവദിച്ചില്ല. വാഹനങ്ങളും പിടിച്ചെടുക്കപ്പെട്ടു. നഗ്‌നപാദരായി ഇര്‍ബിലിലേക്കോ കുര്‍ദിസ്ഥാനിലേക്കോ പലായനം ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരായി. ക്രൈസ്തവര്‍ ഉപേക്ഷിച്ചു പോയ സ്വത്തുക്കളില്‍ ഭീകരര്‍ അടയാളം ഇടുകയും അവ സ്വന്ത മാക്കുകയും ചെയ്തു.

1500 ലേറെ വര്‍ഷങ്ങളുടെ പാരമ്പര്യം ഉള്ള സമ്പന്നമായ ഒരു ക്രൈസ്തവ സമൂഹമാണ് മോസുളില്‍ ജീവിച്ചിരുന്നത്. 35 ക്രൈസ്തവ ദേവാലയങ്ങള്‍ അവിടെയുണ്ടായിരുന്നു. അങ്ങനെയൊരു നഗരമാണ് ക്രൈസ്തവര്‍ ആരും ഇല്ലാത്ത ഒരു നഗരമായി മാറിയത്. 2017-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്ന് മോചിപ്പിച്ച ശേഷം ക്രൈസ്തവര്‍ പതിയെ മടങ്ങിവരാന്‍ തുടങ്ങിയിരുന്നു. എങ്കിലും വളരെ അപൂര്‍വമായിരുന്നു അത്. ആകെ നൂറു കുടുംബങ്ങള്‍ മാത്രമാണ് മടങ്ങി വന്നതെന്ന് മോസുള്‍ കല്‍ദായ രൂപതയുടെ ബിഷപ്പ് മിഖായില്‍ നജീബ് അറിയിച്ചു. മോസൂള്‍ രൂപത അവരുടെ പള്ളികളുടെ പുനര്‍നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. വിദേശത്തുനിന്നുള്ള ക്രൈസ്തവ സംഘടനകളും ഇതിനെ പിന്തുണയ്ക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org