
മതാന്തരസംഭാഷണത്തിനും ഉപവിപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കണമെന്നു മുസ്ലീം ഭൂരിപക്ഷരാജ്യമായ മൊറോക്കോയിലെ കത്തോലിക്കാസഭയോടു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. ഏറ്റവുമര്ഹിക്കുന്നവര്ക്കു സഹായം ചെയ്തുകൊണ്ട് സമാഗമത്തിന്റെ സംസ്കാരം പടുത്തുയര്‍ത്താന്‍ സഭ ശ്രമിക്കണം. കുരിശുയുദ്ധങ്ങളുടെ മൂര്‍ദ്ധന്യത്തില്‍ സുല്‍ത്താന്‍ അല്‍ കാമിലിനെ കണ്ട വി. ഫ്രാന്‍സിസ് അസ്സീസിയെയും 1916-ല്‍ അള്‍ജീരിയായില്‍ രക്തസാക്ഷിത്വം വരിച്ച ഫ്രഞ്ച് മിഷണറി ചാള്‍സ് ഡി ഫുക്കോള്ഡിന്റെയും മാതൃക സ്വീകരിക്കണം – മൊറോക്കന്‍ സന്ദര്‍ശന ത്തിനിടെ റാബാത് കത്തീഡ്രലില്‍ വൈദികരോടും സന്യസ്തരോടും വൈദികവിദ്യാര്‍ത്ഥികളോടും സംസാരിക്കുമ്പോള്‍ മാര്‍പാപ്പ ആവശ്യപ്പെട്ടു.
ദൈവത്തില്‍ നിന്നു സ്വീകരിച്ച ദൗത്യത്തോടു വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് ലോകവുമായുള്ള സംഭാഷണത്തിലേയ്ക്കു സഭ പ്രവേശിക്കുകയും തന്റെ സന്ദേശം നല്‍കുകയും ചെയ്യുമ്പോള്‍ ദൈവത്തിന്റെ പിതൃത്വത്തില്‍ നിന്നുത്ഭവിക്കുന്ന സാഹോദര്യത്തിലാണ് സഭ പങ്കാളിയാകുന്നതെന്നു മാര്‍പാപ്പ വ്യക്തമാക്കി. പാവങ്ങളുടെയും തടവുകാരുടെയും കുടിയേറ്റക്കാരുടേയും, അയല്‍വാസികളായി തുടരാന്‍ വൈദികരും സന്യസ്തരും തയ്യാറാകണം. ക്രിസ്തുവിന്റെ മാതൃക പിന്തുടര്ന്നു സംഭാഷണത്തിലേര്‍പ്പെടാന്‍ വിളിക്കപ്പെട്ടിട്ടുള്ളവരാണ് ക്രൈസ്തവര്‍. കണക്കുകൂട്ടലുകളും പരിമിതികളുമില്ലാതെ തീക്ഷ്ണവും നിസ്വാര്‍ത്ഥവുമായി, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ആദരിച്ചുകൊണ്ട് വിനീതമായ ഹൃദയത്തോടെ സ്നേഹം പകര്ന്നവനാണു ക്രിസ്തു – മാര്‍പാപ്പ വിശദീകരിച്ചു.