നേതൃപദവികളില്‍ കൂടുതല്‍ സ്ത്രീകളെത്തുന്നത് ഭാവി മികച്ചതാക്കും: വത്തിക്കാന്‍

നേതൃപദവികളില്‍ കൂടുതല്‍ സ്ത്രീകളെത്തുന്നത് ഭാവി മികച്ചതാക്കും: വത്തിക്കാന്‍
Published on

പൊതുരംഗത്തെ നേതൃപദവികളില്‍ സ്ത്രീകള്‍ കൂടുതലെത്തുന്നത് സമാധാനവും സുരക്ഷയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നു വത്തിക്കാന്‍ നയതന്ത്രപ്രതിനിധിയായ ഫാ. ജാനുസ് ഉര്‍ബന്‍സിക് പ്രസ്താവിച്ചു. സ്ത്രീകളുടെ യും പുരുഷന്മാരുടെയും പരസ്പരപൂരകമായ സംഭാവനകള്‍ മികച്ച ഭാവി പടുത്തുയര്‍ത്താന്‍ ലോകത്തിനാവശ്യമാണ്. സ്ത്രീകളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ ശാക്തീകരണം സമൂഹത്തെയും സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങളെയും സഹായിക്കും. – അദ്ദേഹം പറഞ്ഞു. വിയെന്ന ആസ്ഥാനമായുള്ള ഐക്യരാഷ്ട്രസഭാ സംഘടനകളിലെ വത്തിക്കാന്‍ സ്ഥിരം നിരീക്ഷകനാണ് ഫാ. ഉര്‍ബന്‍സിക്.
എല്ലാ മനുഷ്യരുടെയും തുല്യത സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുക, സ്ത്രീപുരുഷന്മാരുടെ പരസ്പര പൂരകത്വത്തെ അംഗീകരിക്കുക എന്നത് സഭയുടെ സുപ്രധാന മുന്‍ഗണനകളിലൊന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ക്കെതിരായ വിവേചനം നിലനില്‍ക്കുന്നു എന്നത് നിരാശയോടെയാണു കത്തോലിക്കാസഭ കാണുന്നത്. തുല്യജോലിക്കു തുല്യവേതനം, ജോലിക്കാരായ അമ്മമാര്‍ക്കുള്ള സംരക്ഷണം, ഉദ്യോഗക്കയറ്റങ്ങളിലെ നീതി, കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പങ്കാളികളുടെ തുല്യത എന്നിവയെല്ലാം നാം ആര്‍ജിക്കുക അത്യാവശ്യമാണെന്നു വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1995 ല്‍ എഴുതിയ 'സ്ത്രീകള്‍ക്കുള്ള കത്തില്‍' പ്രസ്താവിച്ചിരുന്നു. തൊഴില്‍ വിപണിയില്‍ സ്ത്രീകളുടെ സ്ഥിതി ഇന്നും ബലഹീനമാണെന്നു കോവിഡ് പകര്‍ച്ചവ്യാധി തെളിയിച്ചു. കോവിഡ് മൂലം ആദ്യം തൊഴില്‍ നഷ്ടപ്പെടുന്നത് സ്ത്രീകള്‍ക്കാണ്. – അദ്ദേഹം വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org