ബെനഡിക്ട് പതിനാറാമന്‍ താമസിച്ച ആശ്രമത്തിലേക്ക് സന്യസ്തര്‍ വീണ്ടും

ബെനഡിക്ട് പതിനാറാമന്‍ താമസിച്ച ആശ്രമത്തിലേക്ക് സന്യസ്തര്‍ വീണ്ടും

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗത്തിനു ശേഷം വിശ്രമജീവിതം നയിച്ച വത്തിക്കാനിലെ സഭാമാതാ ആശ്രമം വീണ്ടും ധ്യാനാത്മകമായ സന്യസ്തജീവിതം നയിക്കുന്ന കന്യാസ്ത്രീകള്‍ക്കായി നല്‍കുന്നു. അര്‍ജന്റീനയില്‍ നിന്നുള്ള ഒരു ബെനഡിക്‌ടൈന്‍ സമൂഹത്തിലെ സന്യാസിനിമാരെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇവിടേക്കു ക്ഷണിച്ചിരിക്കുന്നത്. ഇതുപ്രകാരം ആറു സന്യസ്തര്‍ അടുത്ത വര്‍ഷമാദ്യം ഈ മഠത്തിലേക്ക് എത്തും.

1994 ല്‍ വി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ധ്യാനാത്മകസന്യസ്തജീവിതം നയിക്കുന്ന സിസ്റ്റര്‍മാര്‍ക്കായി മാത്തര്‍ എക്ലേസിയാ ആശ്രമം സ്ഥാപിച്ചത്. പിന്നീട് ഇത്തരത്തിലുള്ള വിവിധ സന്യാസിനീസമൂഹങ്ങള്‍ക്കായി ഈ ആശ്രമം നല്‍കുകയായിരുന്നു പതിവ്. ഒരു സമൂഹത്തിനു മൂന്നു വര്‍ഷത്തേക്ക് എന്ന നിലയില്‍ മാറി മാറി വിവിധ സന്യാസസമൂഹങ്ങള്‍ ഇവിടെ ധ്യാനാത്മകമായ ആശ്രമജീവിതം നയിച്ചു വന്നു. 2012 നവംബര്‍ വരെ ഇങ്ങനെ നടന്നുകൊണ്ടിരുന്നു. തുടര്‍ന്ന് നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിട്ട ആശ്രമം പിന്നീട് 2013 മാര്‍ച്ചില്‍ വിരമിച്ച പാപ്പാ ബെനഡിക്ട് പതിനാറാമന്റെ വിശ്രമജീവിതത്തിനായി മാറ്റിവയ്ക്കുകയായിരുന്നു. ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ പേഴ്‌സണല്‍ സെക്രട്ടറി ആര്‍ച്ചുബിഷപ് ജോര്‍ജ് ഗാന്‍സ്വീനും നാലു സന്യാസിനിമാരുമാണ് അദ്ദേഹത്തിന്റെ സഹായികളായി ഇവിടെ കഴിഞ്ഞിരുന്നത്. 2022 ഡിസംബര്‍ 31 നു ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ നിര്യാണം മുതല്‍ ഇത് ഒഴിഞ്ഞു കിടക്കുകയായിരുന്നു.

logo
Sathyadeepam Weekly
www.sathyadeepam.org