യഹൂദരെ രക്ഷിച്ച വൈദികന്റെ ഓര്‍മ്മ പുതുക്കി

യഹൂദരെ രക്ഷിച്ച വൈദികന്റെ ഓര്‍മ്മ പുതുക്കി

രണ്ടാം ലോകമഹായുദ്ധത്തിനിടെ അനേകം യഹൂദരെ നാസികളില്‍ നിന്നു രക്ഷപ്പെടുത്തിയ കത്തോലിക്കാ വൈദികനായിരുന്ന ഫാ. ഹഗ് ഒ ഫ്‌ലാഹെര്‍ട്ടിയെ അനുസ്മരിക്കുന്ന റോമിലെ ചടങ്ങില്‍ ഐറിഷ് പ്രസിഡന്റ് മൈക്കിള്‍ ഹിഗ്ഗിന്‍സ് പങ്കെടുത്തു. നാസി രഹസ്യാന്വേഷണസേനയായിരുന്ന ഗെസ്റ്റപ്പോയുടെ മേധാവിക്കു ജ്ഞാനസ്‌നാനം കൊടുത്തയാളുമാണ് ഐര്‍ലണ്ടില്‍ നിന്നുള്ള വൈദികനായിരുന്ന ഫാ. ഫ്‌ലാഹെര്‍ട്ടി. മുസ്സോളിനിയെ പതനത്തെ തുടര്‍ന്ന് നാസികള്‍ ഒമ്പതു മാസം റോം അധീനപ്പെടുത്തിയപ്പോള്‍, അവിടെയുണ്ടായിരുന്ന യഹൂദരെ രക്ഷപ്പെടുത്താന്‍ വേണ്ടി 'റോം എസ്‌കേപ് ലൈന്‍' എന്നു പിന്നീടറിയപ്പെട്ട മാര്‍ഗം രൂപീകരിച്ചയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അറുപതാം ചരമവാര്‍ഷികം ഒക്‌ടോബര്‍ 30 നാണ്. ആറായിരത്തിലേറെ മനുഷ്യരുടെ ജീവനാണ് അദ്ദേഹം കാത്തുരക്ഷിച്ചത്.

ഐര്‍ലണ്ടില്‍ നിന്നു റോമില്‍ വൈദികപഠനത്തിനെത്തിയ ഫാ. ഫ്‌ലാഹെര്‍ട്ടി പൗരോഹിത്യം സ്വീകരിച്ച ശേഷം 1925ല്‍ വത്തിക്കാന്‍ നയതന്ത്രവിഭാഗത്തില്‍ ജോലി സ്വീകരിക്കുകയായിരുന്നു. വിവിധ രാജ്യങ്ങളിലെ വത്തിക്കാന്‍ സ്ഥാനപതികാര്യാലയങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം മഹായുദ്ധകാലത്ത് റോമിലെ വിശ്വാസകാര്യാലയത്തില്‍ ജോലി ചെയ്യുകയായിരുന്നു. ജൂതരെ നാസികളില്‍ നിന്ന് ഒളിപ്പിക്കാന്‍ ആശ്രമങ്ങളും മഠങ്ങളും ഉപയോഗപ്പെടുത്തിയ അദ്ദേഹം വത്തിക്കാനിലെ തന്റെ താമസസ്ഥലത്തു മാത്രം അമ്പതിലേറെ പേരേ പാര്‍പ്പിച്ചിരുന്നു.

യുദ്ധം കഴിഞ്ഞപ്പോള്‍, ഗെസ്റ്റപ്പോ മേധാവിയായിരുന്ന ഹെര്‍ബെര്‍ട് കാപ്പ്‌ളര്‍ 1948 ല്‍ ജീവപര്യന്തം ഏകാന്തതടവിനു ഇറ്റലിയില്‍ ശിക്ഷിക്കപ്പെട്ടു. യുദ്ധവേളയില്‍ പലപ്പോഴും ഫാ. ഫ്‌ലാഹെര്‍ട്ടിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിട്ടുള്ള കാപ്പ്‌ളറെ അദ്ദേഹം അടുത്ത പത്തു വര്‍ഷക്കാലം എല്ലാ മാസവും ജയിലില്‍ സന്ദര്‍ശിക്കുമായിരുന്നു. അവസാനകാലത്ത് അദ്ദേഹം ജ്ഞാനസ്‌നാനം സ്വീകരിച്ചു കത്തോലിക്കാസഭാംഗമായി. 'സ്‌കാര്‍ലെറ്റ് ആന്‍ഡ് ദ ബ്ലാക്ക്' എന്ന ഹോളിവുഡ് സിനിമ ഫാ. ഫ്‌ലാഹെര്‍ട്ടിയുടെ ജീവിതകഥയാണ് ചിത്രീകരിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org