ന്യൂനപക്ഷസംരക്ഷണം: സുപ്രീം കോടതി വിധി പാലിക്കുന്നില്ലെന്നു പാക് മനുഷ്യാവകാശസംഘടന

ന്യൂനപക്ഷസംരക്ഷണം: സുപ്രീം കോടതി വിധി പാലിക്കുന്നില്ലെന്നു പാക് മനുഷ്യാവകാശസംഘടന

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനു പാക്കിസ്ഥാന്‍ സുപ്രീം കോടതി എട്ടു വര്‍ഷം മുമ്പു നല്‍കിയ നിര്‍ദേശങ്ങള്‍ ഇപ്പോഴും പാലിക്കപ്പെടുന്നില്ലെന്നു പാക് മനുഷ്യാവകാശസംഘടനയായ സെന്റര്‍ ഫോര്‍ ജസ്റ്റിസ് കുറ്റപ്പെടുത്തി. ദേശീയ ന്യൂനപക്ഷകമ്മീഷന്‍ രൂപീകരിക്കുക, വിദ്വേഷപ്രചാരണം നിയന്ത്രിക്കുക, ജോലിസംവരണം ഏര്‍പ്പെടുത്തുക, സമാധാനത്തിനു സഹായകരമായ പാഠ്യപദ്ധതി രൂപീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ചരിത്രപ്രധാനമായ വിധിയില്‍ പാക് സുപ്രീം കോടതി ഉള്‍പ്പെടുത്തിയിരുന്നത്. 2013 ല്‍ പെഷവാറിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ബോംബ് സ്‌ഫോടനം നടത്തി 85 ക്രൈസ്തവരെ കൊലപ്പെടുത്തിയ ദാരുണസംഭവത്തെ തുടര്‍ന്നായിരുന്നു അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വിധിപ്രസ്താവം. പക്ഷേ കഴിഞ്ഞ 8 വര്‍ഷം കൊണ്ട് ഈ വിധിയുടെ 22 ശതമാനമാണ് കേന്ദ്ര, സംസ്ഥാനഭരണകൂടങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്. ഈ നിലയ്ക്കു പോയാല്‍ വിധി പൂര്‍ണമായി നടപ്പാക്കുന്നതിന് 24 വര്‍ഷങ്ങള്‍ കൂടിയെടുക്കും - മനുഷ്യാവകാശസംഘടന ചൂണ്ടിക്കാട്ടി.

20 ലക്ഷത്തിലധികം ക്രൈസ്തവരുള്ള പഞ്ചാബ് സംസ്ഥാനം വിധി നടപ്പാക്കുന്നതില്‍ പൂജ്യം സ്‌കോറാണ് നേടിയിരിക്കുന്നതെന്നു വിധിയുടെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ സമ്മേളനത്തില്‍ സെന്റര്‍ ഫോര്‍ ജസ്റ്റിസ് വ്യക്തമാക്കി. ആദ്യവിധി പ്രസ്താവിച്ചതിനു ശേഷം സുപ്രീം കോടതിയുടെ ഒരു ബഞ്ച് വീണ്ടു 28 തുടര്‍ വിചാരണകള്‍ നടത്തുകയും 80 അനുബന്ധ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്തു. 2014 ല്‍ നല്‍കിയ ഉത്തരവ് നടപ്പാക്കുന്നതിനു കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കുള്ള വിശദമായ നിര്‍ദേശങ്ങളായിരുന്നു ഇവ. വിധി നടപ്പാക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ ഒരു ഏകാംഗ ന്യൂനപക്ഷാവകാശകമ്മീഷന്‍ 2019 ല്‍ സ്ഥാപിക്കപ്പെട്ടു. പക്ഷേ, പ്രായോഗിക തലത്തില്‍ ന്യൂനപക്ഷാവകാശലംഘനങ്ങള്‍ ഫലപ്രദമായി തടയുന്നതിനു നടപടികളൊന്നും സ്വീകരിക്കപ്പെട്ടിട്ടില്ലെന്നു സെന്റര്‍ ഫോര്‍ ജസ്റ്റിസ് വിശദീകരിച്ചു. മതദൂഷണക്കേസുകള്‍ വിചാരണ ചെയ്യുന്നതില്‍ പാക്കിസ്ഥാനിലെ വിചാരണക്കോടതികള്‍ മനഃപൂര്‍വകമായ കാലതാമസം തുടര്‍ച്ചയായി വരുത്തുന്നതായി ക്രിസ്ത്യന്‍ നിയമവിദഗ്ദ്ധര്‍ കുറ്റപ്പെടുത്തുന്നുണ്ട്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org