
പത്തു കോടിയിലധികം ആളുകള്‍ ലോകമെങ്ങും കുടിയേറ്റത്തിന്റെയും സ്ഥാനഭ്രംശത്തിന്റെയും ദുരിതങ്ങള്‍ നേരിടുന്നതായും അവരെ പിന്തുണയ്ക്കുന്നതിന് അനുരഞ്ജനത്തിന്റെ ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു. റോമില്‍ കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും സംബന്ധിച്ചുള്ള ഉച്ചകോടിയില്‍ പങ്കെടുത്തവരോട് സംസാരിക്കുകയായിരുന്നു മാര്‍പ്പാപ്പ.
മുറിവുകള്‍ ഉണക്കിക്കൊണ്ട് നാം പരസ്പരം കണ്ടുമുട്ടുകയും ക്ഷമിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുകയും വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ ഉദ്ധരിച്ചു അദ്ദേഹം പറഞ്ഞു. ഇതിന് ക്ഷമയും കേള്‍ക്കാനുള്ള സന്നദ്ധതയും മറ്റുള്ളവരുടെ വേദന തിരിച്ചറിയാനുള്ള കഴിവും നമുക്കെല്ലാവര്‍ക്കും ഒരേ സ്വപ്നങ്ങളും ഒരേ പ്രത്യാശകളുമാണ് ഉള്ളതെന്ന തിരിച്ചറിവും ആവശ്യമാണ്. ദീര്‍ഘകാല സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ആഴമേറിയ മുറിവുകള്‍ ഉണക്കുന്നതിനുള്ള മൂര്‍ത്തമായ നയങ്ങളും നടപടികളും ആവശ്യമാണ്. - മാര്‍പാപ്പ വിശദീകരിച്ചു.
40 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി വില്ലനോവ യൂണിവേഴ്‌സിറ്റിയുടെ മദര്‍ കബ്രിനി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇമിഗ്രേഷന്‍ സംഘടിപ്പിച്ച ഉച്ചകോടിയോട് വത്തിക്കാന്റെ സമഗ്ര മനുഷ്യ വികസന കാര്യാലയവും സംസ്‌കാര വിദ്യാഭ്യാസ കാര്യാലയവും സഹകരിച്ചിരുന്നു.