ആള്‍ക്കൂട്ട ആക്രമണങ്ങളെ പാക്ക് ക്രൈസ്തവ നേതാക്കള്‍ അപലപിച്ചു

ആള്‍ക്കൂട്ട ആക്രമണങ്ങളെ പാക്ക് ക്രൈസ്തവ നേതാക്കള്‍ അപലപിച്ചു

പാക്കിസ്ഥാനിലെ സര്‍ഗോദ നഗരത്തില്‍ രണ്ട് ക്രൈസ്തവ കുടുംബങ്ങള്‍ക്കെതിരെ ആള്‍ക്കൂട്ടം നടത്തിയ ആക്രമണത്തെ ക്രൈസ്തവസഭ നേതാക്കള്‍ ശക്തമായി അപലപിച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രൊവിന്‍സിലാണ് ഈ നഗരം. ഒരു മുജാഹിദ് കോളനിയിലെ താമസക്കാരായ രണ്ട് ക്രൈസ്തവ കുടുംബങ്ങളാണ് ആക്രമിക്കപ്പെട്ടത.് അവര്‍ നടത്തിയിരുന്ന ഷൂ ഫാക്ടറിയും ആക്രമികള്‍ നശിപ്പിച്ചു. ഈ കുടുംബത്തിലെ ഒരംഗമായ നാസിര്‍ മസീഹ്, ഖുര്‍ആനിനെ അധിക്ഷേപിച്ചു എന്ന് ആരോപണമുയര്‍ത്തിയായിരുന്നു ആക്രമണം. 76 കാരനായ അദ്ദേഹം സൗദി അറേബ്യയില്‍ നിന്ന് മടങ്ങിയെത്തിയശേഷം സ്ഥാപിച്ച ഷൂ ഫാക്ടറി വിജയമായി മാറിയിരുന്നു ഫാക്ടറിക്ക് മുമ്പില്‍ അദ്ദേഹം ഖുര്‍ആന്‍-ന്റെ പേജുകള്‍ കീറിയെറിഞ്ഞു എന്ന ആരോപണമാണ് ആള്‍ക്കൂട്ട ആക്രമണത്തിലേക്ക് നയിച്ചത്. കിംവദന്തി പരന്നതോടെ സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള രണ്ടായിരത്തോളം ആളുകള്‍ മസീഹിന്റെ വീടിന് മുമ്പിലേക്ക് പാഞ്ഞെത്തുകയായിരുന്നു. 20 മൈല്‍ അകലെ നിന്നുപോലും ആള്‍ക്കൂട്ടം എത്തിയെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് ക്രിസ്ത്യന്‍ വീടുകള്‍ക്കും കടകള്‍ക്കും തീയിടുകയും കുടുംബാംഗങ്ങളെ ക്രൂരമായി ആക്രമിക്കുകയും ചെയ്തു.

പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ സുരക്ഷ സംബന്ധിച്ച് ഗുരുതരമായ ആശങ്ക ഉണര്‍ത്തുന്ന ഒരു സംഭവമാണ് ഇതെന്നു കത്തോലിക്കാമെത്രാന്‍ സംഘത്തിന്റെ അധ്യക്ഷന്‍ ബിഷപ്പ് സാംസണ്‍ ഷുക്രദീന്‍ പ്രസ്താവിച്ചു. സംഭവത്തെ തുടര്‍ന്ന് ഇസ്ലാമാബാദ്-റാവല്‍പിണ്ടി ആര്‍ച്ച് ബിഷപ്പ് ജോസഫ് അര്‍ഷാദ് നേതൃത്വം നല്‍കുന്ന ഒരു പ്രതിനിധി സംഘം സര്‍ഗോദ ജില്ലാ പൊലീസ് മേധാവിയെ നേരിട്ട് സന്ദര്‍ശിച്ചു. അക്രമത്തിന് ഇരകളായ കുടുംബത്തിനും പ്രാദേശിക ക്രൈസ്തവര്‍ക്കും പൊലീസ് സുരക്ഷ ഉറപ്പാക്കണം എന്നും ആക്രമികളെ പിടികൂടണമെന്നും സംഘം പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ലഷ്‌കര്‍ ഇ ലബാക് പാക്കിസ്ഥാന്‍ എന്ന തീവ്രവാദ സംഘടനയുടെ പ്രാദേശിക നേതാക്കളാണ് അക്രമത്തില്‍ പ്രധാന പങ്കുവഹിച്ചതെന്ന് ക്രൈസ്തവര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് മാസം ജരന്‍വാലായില്‍ 24 ക്രിസ്ത്യന്‍ പള്ളികള്‍ കത്തിക്കുകയും 89 ക്രിസ്ത്യന്‍ വീടുകള്‍ കൊള്ളയടിക്കുകയും ചെയ്ത അക്രമികള്‍ക്ക് പിന്നിലും ഇതേ സംഘടന ആയിരുന്നു എന്നാണ് കരുതപ്പെടുന്നത്. ആ സംഭവത്തില്‍ പക്ഷേ പൊലീസ് ശക്തമായി ഇടപെടുകയും ഏതാനും പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൊലീസ് നടപടിയെ തുടര്‍ന്നു പിന്നീട് അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല.

പുതിയ സംഭവത്തില്‍ 400 പേര്‍ക്ക് എതിരെ കേസുകള്‍ എടുത്തിട്ടുണ്ടെന്നും ഭീകരവാദ വിരുദ്ധ നിയമം പ്രയോഗിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org