മെക്സിക്കോ-യുഎസ് കുടിയേറ്റ ധാരണയില്‍ സഭയ്ക്ക് ഉത്കണ്ഠ

മെക്സിക്കോ-യുഎസ് കുടിയേറ്റ ധാരണയില്‍ സഭയ്ക്ക് ഉത്കണ്ഠ
Published on

കുടിയേറ്റവും അതുമായി ബന്ധപ്പെട്ട ചുങ്കങ്ങളും സംബന്ധിച്ച് അമേരിക്കയും മെക്സിക്കോയും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന ധാരണയില്‍ മെക്സിക്കോയിലെ കത്തോലിക്കാ മെത്രാന്‍ സംഘം ആശങ്ക രേഖപ്പെടുത്തി. മെക്സിക്കോയില്‍ നിന്ന് അതിര്‍ത്തി കടന്ന് അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുക എന്നതാണ് കരാറിന്‍റെ ആത്യന്തിക ലക്ഷ്യം. മെക്സിക്കോയുടെ ഗ്വാട്ടിമലയുമായുള്ള തെക്കന്‍ അതിര്‍ത്തിയില്‍ ആറായിരം പുതിയ സൈനികരെ നിയോഗിക്കുക എന്നതാണ് കരാറിലെ ഒരു വ്യവസ്ഥ. അമേരിക്ക ലക്ഷ്യമാക്കി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മെക്സിക്കോയിലേയ്ക്കു കടക്കുന്നത് ഈ അതിര്‍ത്തി വഴിയാണ്.

അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ നിയോഗിക്കുന്നത് കുടിയേറ്റത്തിനു കാരണമാകുന്ന അടിസ്ഥാനപ്രശ്നങ്ങളെ പരിഹരിക്കില്ലെന്നും കുടിയേറ്റത്തിനുള്ള ശാശ്വതപരിഹാരമാണ് നോക്കേണ്ടതെന്നും മെക്സിക്കന്‍ മെത്രാന്‍ സംഘം വ്യക്തമാക്കി. മെക്സിക്കോയിലെയും തെക്കനമേരിക്കയിലെയും ദാരിദ്ര്യവും അസമത്വവും ഇല്ലാതാക്കുക എന്നതാണ് ആളുകള്‍ കുടിയേറ്റക്കാരാകുന്നതിനെതിരെ ചെയ്യേണ്ട അടിസ്ഥാനപരമായ കാര്യം. മെക്സിക്കോയുടെ അതിര്‍ത്തിയില്‍ അമേരിക്ക മതില്‍ കെട്ടുന്നതിനെ എതിര്‍ത്ത മെക്സിക്കോ, ഗ്വാട്ടിമലയുമായുള്ള അതിര്‍ത്തിയില്‍ സ്വയം ഒരു മതിലായി മാറുന്നത് ശരിയല്ല. കരാര്‍ മെക്സിക്കോ പാലിച്ചില്ലെങ്കില്‍ മെക്സിക്കന്‍ ഉത്പന്നങ്ങള്‍ക്കു കൂടുതല്‍ ചുങ്കം ഏര്‍പ്പെടുത്തുമെന്നത് ഒരു വ്യവസ്ഥയാണ്. കുടിയേറ്റക്കാരായ സഹോദരങ്ങളെ വിലപേശലിനുള്ള ഉപാധികളായി കാണുന്ന ഇത്തരം വ്യവസ്ഥകള്‍ ഒഴിവാക്കുന്നതിനുളള ധീരമായ നടപടികള്‍ എടുക്കുന്നത് ന്യായമാണ് – മെത്രാന്മാര്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org