സ്വന്തം വധരീതി കുറ്റവാളി നിശ്ചയിക്കണം: പ്രാകൃതമെന്നു യു എസ് രൂപത

സ്വന്തം വധരീതി കുറ്റവാളി നിശ്ചയിക്കണം: പ്രാകൃതമെന്നു യു എസ് രൂപത

അമേരിക്കയിലെ സൗത്ത് കരോളിന സുപ്രീം കോടതി, റിച്ചാര്‍ഡ് മൂറിനെതിരെ വിധിച്ചിരിക്കുന്ന വധശിക്ഷ പ്രാകൃതമാണെന്നു ചാള്‍സ്ടണ്‍ രൂപത പ്രസ്താവിച്ചു. വെടി വച്ചാണോ വൈദ്യുതി കസേരയിലിരുത്തിയാണോ തന്നെ കൊല്ലേണ്ടതെന്നു മൂറിനു തീരുമാനിക്കാം. ഇതു ക്രൂരതയാണെന്നു സഭാധികാരികള്‍ വ്യക്തമാക്കി. ഏപ്രില്‍ 29 നാണ് മൂറിന്റെ വധശിക്ഷ നടപ്പാക്കുക. അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും വധശിക്ഷ നടപ്പാക്കുന്നത് വിഷം കുത്തി വച്ചാണ്. എന്നാല്‍ സൗത്ത് കരോളിനായില്‍ ഇതിനാവശ്യമായ വിഷം ലഭ്യമാക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് ഫയറിംഗ് സ്‌ക്വാഡ്, വൈദ്യുതി കസേര എന്നീ മാര്‍ഗങ്ങളിലേയ്ക്ക് അധികാരികളെ എത്തിച്ചത്.

ഈ രണ്ടു രീതികളും അസാധാരണവും ക്രൂരവുമാണെന്നും കുറ്റകൃത്യത്തിന് ആനുപാതികമല്ല വധശിക്ഷയെന്നും മൂറിന്റെ അഭിഭാഷകനും വാദിക്കുന്നുണ്ട്. 1999 ല്‍ ഒരു കടയില്‍ മോഷണശ്രമം നടത്തുന്നതിനിടെ കടയിലെ ജീവനക്കാരനെ കൊന്ന കേസിലാണ് മൂറിനു വധശിക്ഷ വിധിച്ചത്. ജീവനക്കാരന്റെ കൈയിലെ തോക്കുപയോഗിച്ചായിരുന്നു കൊലപാതകം. മൂര്‍ ആയുധം കൊണ്ടുവന്നിരുന്നില്ല. ഫയറിംഗ് സ്‌ക്വാഡ് വെടി വച്ചു കൊല്ലുന്നതും വൈദ്യുതി കസേരയിലിരുത്തി ഷോക്കടിപ്പിച്ചു കൊല്ലുന്നതും ക്രൂരമായ പ്രാകൃതമാണെന്ന അഭിപ്രായം സംസ്ഥാനത്തു പൊതുവെ ഉയര്‍ന്നു വന്നിട്ടുണ്ട്. 2011 ലാണ് ഇതിനു മുമ്പ് ഈ സംസ്ഥാനത്ത് ഒരു വധശിക്ഷ നടപ്പാക്കിയത്.

ഒരു കൊലപാതകത്തെ മറ്റൊരു കൊലപാതകം കൊണ്ട് നീതീകരിക്കാനാവില്ലെന്നു ചാള്‍സ്ടണ്‍ രൂപത പ്രസ്താവിച്ചു. ഭ്രൂണഹത്യയും കാരുണ്യവധവും പോലെ വധശിക്ഷയും മനുഷ്യജീവന്റെ അലംഘനീയമായ അന്തസ്സിനെതിരായ ആക്രമണമാണ്. മനുഷ്യജീവനോടുള്ള ആദരവ് നിരുപാധികം നിലനില്‍ക്കേണ്ടതാണ്. ഈ തത്വം കുറ്റവാളികള്‍ക്കും ബാധകമാണ്.- പ്രസ്താവന വിശദീകരിക്കുന്നു.

വധശിക്ഷ ലോകമെങ്ങും അവസാനിപ്പിക്കണമെന്നതാണ് കത്തോലിക്കാസഭയുടെ നിലപാട്. ഫ്രാന്‍സിസ് മാര്‍പാപ്പയും ഇതു വിശദീകരിച്ചിട്ടുണ്ട്. കത്തോലിക്കാസഭയുടെ വേദോപദേശത്തില്‍ വധശിക്ഷയെ സംബന്ധിച്ച ഭാഗം 2018 ല്‍ വിശ്വാസകാര്യാലയം നവീകരിക്കുകയും ചെയ്തു. വധശിക്ഷ അസ്വീകാര്യമാണെന്നും അതു മനുഷ്യവ്യക്തിയുടെ അലംഘനീയതയെയും അന്തസ്സിനെയും ഹനിക്കുന്നതാണെന്നും വധശിക്ഷ ഇല്ലാതാക്കുന്നതിനു സഭ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുമെന്നും ഇവിടെ വിശദീകരിച്ചിരിക്കുന്നു. കുറ്റകൃത്യപ്രതിരോധ സംവിധാനങ്ങളുടെ ഫലപ്രാപ്തി വര്‍ദ്ധിച്ചതുകൊണ്ടും മനുഷ്യവ്യക്തിയുടെ അന്തസ്സിനെ കുറിച്ചുള്ള ധാരണകള്‍ വളരുന്നതും കൊണ്ടാണ് വധശിക്ഷ സംബന്ധിച്ച പ്രബോധനം സഭ നവീകരിച്ചതെന്നും ഇവിടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Related Stories

No stories found.