
ഫുട്‌ബോള്‍ ലോകക്കപ്പ് സ്വന്തമാക്കിയ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി, മുമ്പ് വാഗ്ദാനം ചെയ്തിരുന്നതുപോലെ പ.മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിലേയ്ക്കു പദയാത്ര നടത്തുമോ എന്നു കാത്തിരിക്കുകയാണ് ചില മാധ്യമപ്രവര്‍ത്തകരും അര്‍ജന്റീനയിലെ തീര്‍ത്ഥാടനകേന്ദ്രത്തിന്റെ അധികാരികളും. 2018 ലെ ലോകക്കപ്പിനു ശേഷമാണ് ഒരു അഭിമുഖത്തില്‍ മെസ്സി ഇങ്ങനെയൊരു വഴിപാട് നേര്‍ന്നത്. ലോകക്കപ്പ് നേടിയാല്‍ അര്‍ജന്റീനയുടെ സ്വര്‍ഗീയമദ്ധ്യസ്ഥയായ ലുജാന്‍ മാതാവിന്റെ പള്ളിയിലേയ്ക്കു തന്റെ വീട്ടില്‍ നിന്നു കാല്‍നടയായി പോകുമെന്നായിരുന്നു മെസ്സിയുടെ വാക്കുകള്‍. മെസ്സിയുടെ ജന്മഗൃഹം സ്ഥിതി ചെയ്യുന്ന പട്ടണത്തില്‍ നിന്നു 24 മൈല്‍ അകലെയാണ് ഈ തീര്‍ത്ഥാടനകേന്ദ്രം.
2014 ല്‍ മെസ്സിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന ലോകക്കപ്പ് ഫൈനലിലെത്തിയെങ്കിലും ജര്‍മ്മനിയോടു പരാജയപ്പെട്ടു. 2018 ല്‍ ക്വാര്‍ട്ടറില്‍ പരാജയമടഞ്ഞു. ഇതിനു ശേഷം നടന്ന അഭിമുഖത്തിലാണ് ലോകക്കപ്പ് നേടണമെന്ന തന്റെ തീവ്രമായ ആഗ്രഹം വെളിപ്പെടുത്തിയ മെസ്സി അഭിമുഖകാരനോട്, തീര്‍ത്ഥാടനം നടത്താനുള്ള സന്നദ്ധത അറിയിച്ചത്.
മെസ്സിയുടെ മാതാപിതാക്കള്‍ ഇറ്റലിയില്‍ നിന്നു അര്‍ജന്റീനയിലേക്കു കുടിയേറിയ കത്തോലിക്കാ കുടുംബങ്ങളിലെ അംഗങ്ങളാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയും ഇറ്റലിയില്‍ നിന്ന് അര്‍ജന്റീനയിലേയ്ക്കു കുടിയേറിയ കുടുംബത്തിലാണു ജനിച്ചു വളര്‍ന്നത്.