മദര്‍ തെരേസായുടെ സിസ്റ്റേഴ്‌സിനെ പുറത്താക്കാന്‍ നിക്കരാഗ്വയില്‍ നീക്കം

മദര്‍ തെരേസായുടെ സിസ്റ്റേഴ്‌സിനെ പുറത്താക്കാന്‍ നിക്കരാഗ്വയില്‍ നീക്കം

മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നിക്കരാഗ്വയില്‍ അവസാനിപ്പിക്കാന്‍ പാര്‍ലിമെന്റില്‍ നിയമം കൊണ്ടു വരുന്നു. ഭരണകക്ഷിയാണ് നിയമം നിര്‍ദേശിച്ചിരിക്കുന്നത് എന്നതിനാല്‍ അതു താമസിയാതെ നടപ്പാകും. മിഷണറീസ് ഓഫ് ചാരിറ്റിയുള്‍പ്പെടെ 101 സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിക്കരാഗ്വയില്‍ അവസാനിപ്പിക്കുന്നതാകും നിയമം. സന്നദ്ധസംഘടനകള്‍ക്കു ബാധകമായ നിയമങ്ങള്‍ പാലിക്കുന്നതില്‍ മദര്‍ തെരേസായുടെ സന്യാസസമൂഹമുള്‍പ്പെടെയുള്ളവര്‍ വീഴ്ച വരുത്തിയെന്നും അത്തരം സ്ഥാപനങ്ങളെല്ലാം അടച്ചു പൂട്ടണമെന്നുമാണു നിര്‍ദ്ദിഷ്ടനിയമത്തിലെ നിര്‍ദേശം. മിഷണറീസ് ഓഫ് ചാരിറ്റി നടത്തുന്ന അഗതിമന്ദിരങ്ങള്‍ക്കും തെരുവുകുഞ്ഞുങ്ങള്‍ക്കുള്ള നഴ്‌സറിയ്ക്കും ബന്ധപ്പെട്ട ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ അനുമതിയില്ലെന്നാണ് ആരോപണം.

ഇപ്പോഴത്തെ നിക്കരാഗ്വന്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗാ ആദ്യം ഭരണത്തിലെത്തിയ കാലഘട്ടത്തിലാണ് മദര്‍ തെരേസാ നിക്കരാഗ്വ സന്ദര്‍ശിച്ചതും അവിടെ സേവനമാരംഭിച്ചതും. ഇപ്പോള്‍ സ്വേച്ഛാധിപത്യശൈലിയില്‍ ഒര്‍ട്ടേഗാ നടത്തുന്ന ഭരണത്തിന്റെ നിശിതവിമര്‍ശകരാണ് കത്തോലിക്കാസഭ. തലസ്ഥാനമായ മനാഗ്വായിലെ സഹായമെത്രാന്‍ ബിഷപ് സില്‍വിയോ ജോസ് ബയസ്, നിരവധി വധഭീഷണികളെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം അമേരിക്കയില്‍ പ്രവാസത്തില്‍ കഴിയുകയാണ്. മദര്‍ തെരേസായുടെ സിസ്റ്റര്‍മാരെ പുറത്താക്കുന്നതു വഴി പാവപ്പെട്ടവര്‍ക്കുള്ള പരിചരണം നിഷേധിക്കുന്നതിനു യാതൊരു ന്യായീകരണവുമില്ലെന്നു ബിഷപ് ബയസ് ഈ നീക്കത്തെ കുറിച്ചു പ്രതികരിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org