മാസ്സിമിലിയാനോ : പാപ്പാ പ്രകീര്‍ത്തിച്ച നഴ്‌സ്

മാസ്സിമിലിയാനോ : പാപ്പാ പ്രകീര്‍ത്തിച്ച നഴ്‌സ്

'തന്റെ ജീവന്‍ രക്ഷിച്ചു' എന്നു ഫ്രാന്‍സിസ് മാര്‍പാപ്പാ വിശേഷിപ്പിച്ച നഴ്‌സിനെ പത്രക്കാര്‍ കണ്ടെത്തി. വത്തിക്കാന്‍ മെഡിക്കല്‍ ഗാര്‍ഡിലെ മസ്സിമിലിയാനോ സ്ട്രപെറ്റി ആണത്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് ഉദര ശസ്ത്രക്രിയയെ കുറിച്ചു പാപ്പാ ചിന്തിച്ചത്. ശസ്ത്രക്രിയക്കു ശേഷം ജെമെല്ലി ആശുപത്രിയുടെ മട്ടുപ്പാവില്‍ ഫ്രാന്‍സിസ് പാപ്പാ ആദ്യമായി ജനങ്ങളെ കണ്ടപ്പോള്‍ ഒപ്പം നിന്നിരുന്നതും അദ്ദേഹമാണ്.
വന്‍ കുടലിന്റെ ഒരു ഭാഗം മുറിച്ചു മാറ്റിയതോടെ തനിക്കു സാധാരണ ജീവിതം നയിക്കാന്‍ സാധിക്കുന്നുണ്ടെന്നു പാപ്പാ പറഞ്ഞു. അതിനു മുന്‍പ് ആന്റിബയോട്ടിക്കുകളെയും ഇതര മരുന്നുകളെയും ആശ്രയിച്ചാണ് ഉദരപ്രശ്‌നങ്ങളെ നിയന്ത്രിച്ചിരുന്നത്. പാപ്പായ്ക്ക് മരുന്നുകള്‍ നല്‍കുമ്പോള്‍ തോന്നിയ ഒരു 'ഉള്‍വിളി' ആണ് തന്റെ നിര്‍ദേശമെന്ന് മാസ്സിമിലിയാനോ പറഞ്ഞു.
ഓപ്പറേഷന്‍ തിയേറ്ററുകളിലുള്‍പ്പെടെ ദശാബ്ദങ്ങള്‍ ജോലി ചെയ്ത അനുഭവസമ്പത്തുള്ളയാളാണു 52 കാരനായ മാസ്സിമിലിയാനോ എന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. പരിചയ സമ്പത്തും പ്രാഗത്ഭ്യവും പരിഗണിച്ചാണ് വത്തിക്കാന്‍ അധികാരികള്‍ അദ്ദേഹത്തെ പാപ്പായുടെ മെഡിക്കല്‍ സംഘത്തിലെടുത്തതും. സന്നദ്ധ പ്രവര്‍ത്തനകള്‍ക്കു താത്പര്യമുള്ള, അര്‍പ്പണബോധമുള്ള നഴ്‌സാണ് മാസ്സിമിലിയാനോ എന്ന് അധികാരികള്‍ പറഞ്ഞു. വിവാഹിതനും പിതാവുമാണ് അദ്ദേഹം.
ഫ്രാന്‍സീസ് മാര്‍പാപ്പായുടെ ജീവിതത്തില്‍ നഴ്‌സുമാരുടെ ഇടപെടല്‍ നിര്‍ണായമാകുന്നത് ഇത് രണ്ടാം തവണയാണ്. 1957 ല്‍ വൈദിക വിദ്യാര്‍ത്ഥി ആയിരുന്നപ്പോഴാണ് ആദ്യത്തെ സംഭവം. ഇറ്റാലിയന്‍ സന്യാസിനിയായിരുന്ന നഴ്‌സാണ് അന്നു ശ്വാസകോശ രോഗം ബാധിച്ചിരുന്ന പാപ്പയുടെ ആരോഗ്യം വീണ്ടെടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത്. ശ്വാസകോശത്തിന്റെ ഒരു ഭാഗം അന്നു ശസ്ത്രക്രിയ ചെയ്തു നീക്കിയിരുന്നു. ഈ സിസ്റ്ററെ പാപ്പാ നിരവധി അഭിമുഖങ്ങളില്‍ അനുസ്മരിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org