പിശാചു ബാധിതയെന്നു കരുതിയവള്‍ വിശുദ്ധ പദവിയിലേക്ക്

പിശാചു ബാധിതയെന്നു കരുതിയവള്‍ വിശുദ്ധ പദവിയിലേക്ക്

പിശാചു ബാധിച്ച സ്ത്രീ എന്ന് ഒരു കാലഘട്ടവും ജനങ്ങളും കരുതിയിരുന്ന മരിയ അന്തോണിയ സാമ എന്ന ഇറ്റാലിയന്‍ യുവതിയെ വാഴ്ത്തപ്പെട്ടവളാക്കാനുള്ള നടപടികള്‍ക്ക് വത്തിക്കാന്‍ അനുമതി നല്കി. വളരെ സംഭവ ബഹുലവും തെറ്റിദ്ധാരണകളാല്‍ നിറഞ്ഞതുമായ ഒരു ജീവിതമായിരുന്നു 78 വര്‍ഷക്കാലം ജീവിച്ച അന്തോണിയ സാമയുടേത്.

ഇറ്റലിയിലെ കലാബ്രിയ പ്രവിശ്യയില്‍ 1875 -ല്‍ ജനിച്ച സാമ തന്‍റെ 11-ാമത്തെ വയസില്‍ വീടിനടുത്തുള്ള അരുവിയില്‍ വസ്ത്രങ്ങള്‍ കഴുകി തൊട്ടടുത്തുള്ള കുളത്തില്‍ നിന്ന് വെള്ളം കുടിച്ചു തിരിച്ചു വീട്ടില്‍ എത്തവേ അപസ്മാര സമമായ അസ്വസ്ഥകള്‍ കാട്ടുകയും ഇത് പിശാചു ബാധയാണെന്ന് വീട്ടുകാരും നാട്ടുകാരും നീണ്ടനാളുകള്‍ വിശ്വസിച്ചു പോരുകയും ചെയ്തു. അവളെ സുഖപ്പെടുത്താന്‍ കര്‍ത്തൂസ്യന്‍ ആശ്രമത്തില്‍ കത്തോലിക്കാ സഭയുടെ ഔദ്യോഗിക ഭൂതോച്ഛാടനം വരെ നടത്തുകയും അതെല്ലാം പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീട് കര്‍ത്തൂസ്യന്‍ സന്യാസ സഭയുടെ സ്ഥാപകനായ വി. ബ്രൂണോയുടെ തിരുശേഷിപ്പ് ഉപയോഗിച്ചുള്ള പ്രാര്‍ത്ഥന വഴി കാലക്രമത്തില്‍ സാമ സുഖപ്പെടുകയായിരുന്നു.

പിന്നീടുള്ള 60 വര്‍ഷക്കാലം സന്ധിവാതരോഗത്തിന്‍റെ പിടിയിലാവുകയും മരണം വരെ സാമ ആ സഹനജീവിതം തുടരുകയും ചെയ്തു. സ്വന്തം അമ്മയുടെ മരണശേഷം അവളുടെ കൊച്ചു പട്ടണത്തിലുള്ള നല്ലവരായ ജനങ്ങളും പിന്നീട് 1958-ല്‍ മരിക്കുന്നതുവരെ തിരുഹൃദയ സന്യാസിനി സമൂഹത്തിലെ സിസ്റ്റേഴ്സുമാണ് അനാഥയായ ഈ അത്മായ വനിതയെ പരിചരിച്ചത്. മരിയ അന്തോണിയ സാമയെക്കൂടാതെ മറ്റൊരു വനിതയെയും 2 പുരുഷന്മാരെയും വിശുദ്ധപദവിയിലേക്കുയര്‍ത്താനുള്ള നടപടികള്‍ക്ക് വത്തിക്കാന്‍ അനുമതി നല്കിയെന്ന് വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജൊവാന്നി ആഞ്ചെലോ ബെച്ചിയു ജൂലൈ 10 ന് അറിയിച്ചു. മരിയ അന്തോണിയ സാമയുടെ നാമത്തില്‍ അടുത്തയിടെ മാര്‍പാപ്പ ഒരു അത്ഭുതം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നാമകരണ നടപടി വേഗത്തിലായത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org