കുറ്റാരോപിതനായ നൂണ്‍ഷ്യോയുടെ നയതന്ത്രപരിരക്ഷ വത്തിക്കാന്‍ പിന്‍വലിച്ചു

കുറ്റാരോപിതനായ നൂണ്‍ഷ്യോയുടെ നയതന്ത്രപരിരക്ഷ വത്തിക്കാന്‍ പിന്‍വലിച്ചു
Published on

ഫ്രാന്‍സിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ലുയിജി വെഞ്ചുറയ്ക്കുള്ള നയതന്ത്രപരിരക്ഷ വത്തിക്കാന്‍ പിന്‍വലിച്ചു. മോശമായ ലൈംഗികപെരുമാറ്റമെന്ന കുറ്റാരോപണം നേരിടുന്ന ആര്‍ച്ചുബിഷപ് വെഞ്ചുറ ഇനി ഫ്രാന്‍സില്‍ ക്രിമിനല്‍ നടപടികള്‍ക്കു വിധേയനാകും. നയതന്ത്രബന്ധങ്ങളെ സംബന്ധിച്ച 1961-ലെ വിയെന്ന പ്രഖ്യാപനത്തിന്‍റെ ഭാഗമായി രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികള്‍ക്കുള്ള പ്രത്യേക ആനുകൂല്യമാണ് ആര്‍ച്ചുബിഷപ്പിനു നല്‍കേണ്ടതില്ലെന്നു വത്തിക്കാന്‍ തീരുമാനിച്ചത്. ആര്‍ച്ചുബിഷപ്പിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇങ്ങനെയൊരു നടപടി വത്തിക്കാനില്‍നിന്ന് ഫ്രാന്‍സ് അഭ്യര്‍ത്ഥിച്ചിരുന്നു. 2009 മുതല്‍ ഫ്രാന്‍സിലെ വത്തിക്കാന്‍ സ്ഥാനപതിയാണ് ആര്‍ച്ചുബിഷപ് വെഞ്ചുറ. അന്വേഷണത്തിന്‍റെ തുടര്‍ന്നുള്ള ഘട്ടത്തില്‍ അദ്ദേഹത്തെ ഈ പദവിയില്‍ നിന്നു മാറ്റി നിറുത്തുമോ എന്നു വ്യക്തമാക്കിയിട്ടില്ല.

നയതന്ത്രപ്രതിനിധികള്‍ക്ക് അവര്‍ ചെല്ലുന്ന രാജ്യങ്ങളുടെ നിയമത്തിന്‍റെയോ നിയമനടപടികളുടെയോ തടസ്സമില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതാണ് വിയെന്ന പ്രഖ്യാപനമനുസരിച്ചുള്ള നയതന്ത്രപരിരക്ഷ. പ്രത്യേകസാഹചര്യങ്ങളില്‍ ഈ പരിരക്ഷ പിന്‍വലിക്കാനുള്ള അവകാശം നയതന്ത്രപ്രതിനിധികളെ നിയോഗിക്കുന്ന രാജ്യങ്ങള്‍ക്കു മാത്രമേ ഉള്ളൂ. മുമ്പ് ഇത്തരം കേസുകളുണ്ടായപ്പോള്‍ കുറ്റാരോപിതരായ നയതന്ത്രപ്രതിനിധികളെ വത്തിക്കാന്‍ തിരിച്ചു വിളിക്കുകയും വത്തിക്കാന്‍ സിറ്റി രാജ്യത്തിന്‍റെ നിയമങ്ങളും സഭാനിയമങ്ങളും അനുസരിച്ചു വിചാരണ ചെയ്യുകയുമായിരുന്നു പതിവ്. അതിനു ശേഷം നയതന്ത്രപരിരക്ഷ ഒഴിവാക്കി കുറ്റകൃത്യം നടന്ന രാജ്യത്തെ നിയമനടപടികള്‍ക്കു വിട്ടുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്രാവശ്യം ഇങ്ങനെ തിരിച്ചു വിളിക്കാതെ, കുറ്റകൃത്യം നടന്ന രാജ്യത്തിന്‍റെ നിയമനടപടികള്‍ക്ക് അവസരമൊരുക്കുകയാണു വത്തിക്കാന്‍ ചെയ്തത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org