വാര്‍ധക്യത്തിലെ ഏകാന്തത: ഗ്രാന്‍ഡ് പാരന്റ്‌സ് ദിനാചരണത്തിന്റെ പ്രമേയം

വാര്‍ധക്യത്തിലെ ഏകാന്തത: ഗ്രാന്‍ഡ് പാരന്റ്‌സ് ദിനാചരണത്തിന്റെ പ്രമേയം

2024 ജൂലൈ 28 ന് ആചരിക്കുന്ന മുത്തശ്ശീ-മുത്തച്ഛന്മാര്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള ആഗോള ദിനാചാരണത്തിനായി ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുത്തിരിക്കുന്ന വിഷയം ''വാര്‍ധക്യത്തില്‍ എന്നെ തള്ളിക്കളയരുതേ! ബലം ക്ഷയിക്കുമ്പോള്‍ എന്നെ ഉപേക്ഷിക്കരുതേ!'' (സങ്കീ. 71:9) എന്ന വാക്യത്തിന്റെ അടിസ്ഥാനത്തില്‍, വാര്‍ധക്യത്തിലുണ്ടാവുന്ന ഏകാന്തതയെക്കുറിച്ചായിരിക്കും.

വൃധരായവരെ സമൂഹത്തിന് ഭാരമായി കരുതുന്ന വലിച്ചെറിയല്‍ സംസ്‌കാരത്തിന്റെ പരിണത ഫലമായി മുതിര്‍ന്നവരനുഭവിക്കുന്ന ഏകാന്തത വളരെ വലിയ ഒരു യാഥാര്‍ത്ഥ്യമാണെന്നു വിഷയം അവതരിപ്പിച്ചുകൊണ്ടു പുറപ്പെടുവിച്ച പ്രസ്താവനയില്‍ വത്തിക്കാന്‍ വിശദീകരിച്ചു. ഈ സത്യത്തെ അഭിമുഖീകരിക്കാന്‍ സഭാ സമൂഹങ്ങളും കുടുംബങ്ങളും ഒരു കൂടിക്കാഴ്ചയുടെ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. സുവിശേഷത്തിലെ സ്‌നേഹം ഒരു സമൂര്‍ത്തയാഥാര്‍ത്ഥ്യമാക്കാന്‍ പങ്കുവയ്ക്കലിന്റെയും, ശ്രവണത്തിന്റെയും, പിന്‍തുണയുടേയും സ്‌നേഹത്തിന്റെയും ഇടം സൃഷ്ടിക്കുകയാണ് വേണ്ടത്, പ്രസ്താവന വിശദീകരിക്കുന്നു. അല്‍മായ-കുടുംബ കാര്യാലയത്തിന്റെ അധ്യക്ഷനാണ് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

ഏകാന്തത വാര്‍ധക്യത്തില്‍ മാത്രമെത്തുന്ന ഒന്നല്ല, അത് മനുഷ്യജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ്. അതിനാല്‍ സങ്കീര്‍ത്തകന്റെ പ്രാര്‍ത്ഥന ദൈവപിതാവിലേക്ക് തിരിയുന്ന, അവന്റെ സമാശ്വാസമന്വഷിക്കുന്ന നമ്മുടെ ഓരോരുത്തരുടേയും പ്രാര്‍ത്ഥനയാണ്.

2025 ലെ ജൂബിലിയുമായി ബന്ധപ്പെട്ട് പ്രാര്‍ത്ഥനാവര്‍ഷമായി ആചരിക്കുന്ന 2024 ല്‍ വരുന്ന മുത്തശ്ശീ-മുത്തച്ഛന്മാര്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള ആഗോള ദിനാചാരണം തലമുറകള്‍ തമ്മില്‍ ഒരു വലിയ ഐക്യത്തിന്റെ 'നമ്മള്‍' എന്ന വികാരം സൃഷ്ടിക്കാന്‍ ഇടയാക്കണം എന്ന് പ്രസ്താവന ഓര്‍മ്മിപ്പിച്ചു. ആരേയും ഉപേക്ഷിക്കാത്ത ദൈവത്തിന്റെ സ്‌നേഹം അനുഭവവേദ്യമാക്കാന്‍ വിളിക്കപ്പെട്ടിട്ടുള്ള നമ്മുടെ സമൂഹങ്ങള്‍ ഏറ്റ ബലഹീനരായവരെ മറക്കരുത്. ദിനാചരണത്തിനുള്ള ഒരുക്കത്തിനാവശ്യമായ അജപാലന രീതികള്‍ വിശദീകരിക്കുന്ന കാര്യങ്ങള്‍ വരുന്ന മാസങ്ങളില്‍ കാര്യാലയം ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org