
സിനഡാലിറ്റിയെക്കുറിച്ചുള്ള ആഗോളസിനഡില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അല്മായര്‍ക്ക് വോട്ടവകാശം ഉണ്ടാകുമെന്നു വത്തിക്കാന്‍ അറിയിച്ചു. മുമ്പ് അല്മായര്‍ 'ഓഡിറ്റര്‍മാര്‍' എന്ന നിലയിലാണ് സിനഡ് സമ്മേളനങ്ങളില്‍ പങ്കെടുത്തിരുന്നത്. ഇവര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല.
70 പേരാണ് ഈ നിലയില്‍ സിനഡില്‍ പങ്കെടുക്കുക. ആകെ 370 ഓളം പേരാണ് സിനഡില്‍ ഉണ്ടാകുക. ബാക്കിയുള്ളവര്‍ മെത്രാന്മാരായിരിക്കും.
ഭൂഖണ്ഡതല സിനഡുകളില്‍ നിന്നു നിര്‍ദേശിക്കപ്പെടുന്ന പേരുകളില്‍നിന്ന് മാര്‍പാപ്പയാണ് 70 പേരെ തിരഞ്ഞെടുക്കുക. ഈ വിഭാഗത്തിലേക്ക് നിര്‍ദേശിക്കപ്പെടുന്നവരില്‍ 50 ശതമാനം സ്ത്രീകളായിരിക്കണമെന്നും യുവജനപ്രാതിനിധ്യം ഉണ്ടായിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പ് സന്യാസസമൂഹങ്ങളെ പ്രതിനിധീകരിച്ച് പത്തു പുരോഹിതരാണ് സിനഡില്‍ പങ്കെടുത്തിരുന്നത്. ഇപ്രാവശ്യം ഇവരില്‍ അഞ്ചു പേര്‍ വനിതാ സന്യസ്തരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വത്തിക്കാന്‍ കാര്യാലയങ്ങളെ പ്രതിനിധീകരിച്ചു പങ്കെടുക്കേണ്ടവരെ മാര്‍പാപ്പ നേരിട്ടു തിരഞ്ഞെടുക്കും.
ഇതെല്ലാം മാറ്റമാണെങ്കിലും വിപ്ലവം ഒന്നുമല്ലെന്നു സിനഡിന്റെ റിലേറ്റര്‍ ജനറല്‍ കാര്‍ഡിനല്‍ ഴാങ്-ക്ലൗദ് ഹോളെറിച്ച് അഭിപ്രായപ്പെട്ടു. മാറ്റങ്ങള്‍ ജീവിതത്തിലും ചരിത്രത്തിലും വളരെ സ്വാഭാവികമാണെന്നും കാര്‍ഡിനല്‍ പറഞ്ഞു.