തടവില്‍ കിടന്ന ജയിലിലേയ്ക്കു മാര്‍പാപ്പയോടൊപ്പം ആര്‍ച്ചുബിഷപ്
ലിത്വാനിയന്‍ പര്യടനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ അവിടെ റഷ്യന്‍ രഹസ്യപ്പോലീസ് വിഭാഗമായിരുന്ന കെ ജി ബി യുടെ ഒരു കെട്ടിടത്തിലേയ്ക്കെത്തുമ്പോള്‍ ആര്‍ച്ചുബിഷപ് സിജിറ്റാസ് ടെംകെവിച്യൂസ് കൂടെയുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് കെജിബി ജയിലായി ഉപയോഗിച്ചിരുന്ന ഈ കെട്ടിടത്തില്‍ വച്ച് 2,000 ലേറെ പേര്‍ക്കെതിരെ വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്. 300 വൈദികരെ ഇവിടെ തടവില്‍ പാര്‍പ്പിച്ചു. അതിലൊരാളായിരുന്നു ആര്‍ച്ചുബിഷപ് സിജിറ്റാസ്. സോവ്യറ്റ് അധിനിവേശക്കാലത്ത് ലിത്വാനിയന്‍ ജനത അനുഭവിച്ചിരുന്ന പീഡനത്തെ അനുസ്മരിക്കുകയും ആശ്വസിപ്പിക്കുകയുമാണ് ഈ സന്ദര്‍ശനത്തിലൂടെ മാര്‍പാപ്പ ഉദ്ദേശിച്ചതെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു.
ലിത്വാനിയായിലെ സഭയെ ഇല്ലാതാക്കാനുള്ള സോവ്യറ്റ് ഭരണകൂടത്തിന്‍റെ ശ്രമങ്ങളെ ചെറുത്തു നില്‍ക്കുന്നതിനു സഭയ്ക്കു നേതൃത്വം നല്‍കിയ ഒരാളാണ് ആര്‍ച്ചുബിഷപ് സിജിറ്റാസ്. സോവ്യറ്റ് അധിനിവേശകാലത്ത് ലിത്വാനിയന്‍ വിശ്വാസികള്‍ നേരിടുന്ന മതമര്‍ദ്ദനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറംലോകത്തെ അറിയിച്ചുകൊണ്ടിരുന്നത് ഈശോസഭാംഗമായ ആര്‍ച്ചുബിഷപ്പാണ്. അതിനായി 11 വര്‍ഷം ഒരു പ്രസിദ്ധീകരണം അദ്ദേഹം നടത്തി. ഒടുവില്‍ 1983-ല്‍ കെജിബി അദ്ദേഹത്തെ പിടികൂടുകയും സൈബീരിയായിലേയ്ക്കു നാടു കടത്തുകയും ചെയ്തു. ഗോര്‍ബച്ചേവ് പെരിസ്ട്രോയിക്ക നടപ്പാക്കിയതിനെ തുടര്‍ന്ന് 1989 ലാണ് അദ്ദേഹം മോചിതനായത്. 1991-ല്‍ ലിത്വാനിയായിലെ കൗനാസ് അതിരൂപതാ സഹായമെത്രാനും 1996-ല്‍ ആര്‍ച്ചുബിഷപ്പുമായി. ആഗോളസഭയുടെ തലവന്‍ തങ്ങളുടെ നാട് സന്ദര്‍ശിക്കുന്നത് 35 വര്‍ഷമായുള്ള സ്വപ്നമാണെന്നും ഇന്ന് അതു സാദ്ധ്യമായി കണ്ടതില്‍ അതിയായ ആഹ്ലാദമുണ്ടെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു.