സ്വവര്‍ഗവിവാഹം: ആഫ്രിക്കന്‍ ആംഗ്ലിക്കന്‍ സഭ ആഗോള നേതൃത്വത്തില്‍ നിന്നകലുന്നു

സ്വവര്‍ഗവിവാഹം: ആഫ്രിക്കന്‍ ആംഗ്ലിക്കന്‍ സഭ ആഗോള നേതൃത്വത്തില്‍ നിന്നകലുന്നു
Published on

സ്വവര്‍വവിവാഹം ആശീര്‍വദിക്കാനുള്ള ആംഗ്ലിക്കന്‍ സഭയുടെ തീരുമാനത്തോട് ആഫ്രിക്കയിലെ ആംഗ്ലിക്കന്‍ സഭാസമൂഹങ്ങള്‍ വിയോജിപ്പു പ്രകടിപ്പിച്ചു. ആംഗ്ലിക്കന്‍ സഭാദ്ധ്യക്ഷനായ കാന്റര്‍ബറി ആര്‍ച്ചുബിഷപ് ജസ്റ്റിന്‍ വെല്‍ബിയില്‍ വിശ്വാസമില്ലെന്ന് റുവാണ്ടയില്‍ നടന്ന യോഗത്തില്‍ ആംഗ്ലിക്കന്‍ നേതാക്കള്‍ പരസ്യമായി വ്യക്തമാക്കി. ഫെബ്രുവരിയിലാണ് ആംഗ്ലിക്കന്‍ സഭയുടെ ജനറല്‍ സിനഡ് സ്വവര്‍ഗവിവാഹങ്ങള്‍ക്ക് വോട്ടെടുപ്പിലൂടെ അംഗീകാരം നല്‍കിയത്. ആംഗ്ലിക്കന്‍ കൂട്ടായ്മയെ തകര്‍ക്കുന്നതും സുവിശേഷാധിഷ്ഠിതമായ ആധികാരികതയില്‍ നിന്നുള്ള വിട്ടുപോക്കും ആണ് ഈ തീരുമാനമെന്ന് റുവാണ്ടയിലെ ഉന്നതതല സമ്മേളനം പ്രഖ്യാപിച്ചു. 25 കൊല്ലമായി ഭൂരിപക്ഷം ആംഗ്ലിക്കന്‍ ആര്‍ച്ചുബിഷപ്പുമാരും നല്‍കിക്കൊണ്ടിരുന്ന മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ടെടുത്ത തീരുമാനമാണിതെന്നും അവര്‍ കുറ്റപ്പെടുത്തി.

നാലു കോടി ആംഗ്ലിക്കന്‍ സഭാംഗങ്ങളുടെ പ്രാതിനിധ്യം അവകാശപ്പെടുന്ന സംഘടനയുടെ നേതാക്കളാണ് റുവാണ്ടയില്‍ സമ്മേളിച്ചിരുന്നത്. 52 രാജ്യങ്ങളില്‍ നിന്നുള്ള 1300 പ്രതിനിധികള്‍ യോഗത്തിനെത്തിയിരുന്നു. ഇവരില്‍ 314 മെത്രാന്മാരും 456 വൈദികരും ഉണ്ടായിരുന്നു. കാന്റര്‍ബറി ആര്‍ച്ചുബിഷപ്പിന്റെ ആത്മീയനേതൃത്വം അംഗീകരിക്കുന്ന 42 ആംഗ്ലിക്കന്‍ സഭാവിഭാഗങ്ങളാണ് ലോകമാകെയുള്ളത്. 8 കോടി അംഗങ്ങള്‍ ഈ സഭകളിലുണ്ടെന്നും കണക്കാക്കപ്പെടുന്നു.

സ്വവര്‍ഗവിവാഹങ്ങളെ പിന്തുണച്ചുകൊണ്ട് കാന്റര്‍ബറി ആര്‍ച്ചുബിഷപ്പും മറ്റു ആംഗ്ലിക്കാന്‍ നേതാക്കളും പുറപ്പെടുവിക്കുന്ന പ്രസ്താവനകള്‍ അവരുടെ തിരുപ്പട്ടത്തോടും മെത്രാഭിഷേകത്തോടും ഉള്ള വഞ്ചനയാണെന്നും റുവാണ്ടയിലെ യോഗം പ്രസ്താവിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org