

ലിയോ പതിനാലാമന്‍ പാപ്പായും കാനഡയുടെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നിയും തമ്മില്‍ ടെലഫോണ്‍ സംഭാഷണം നടന്നു. മെയ് 29-നു നടന്ന ഈ സംഭാഷണത്തില്‍, നിര്‍മ്മിതബുദ്ധിയുമായി ബന്ധപ്പെടുത്തി പാപ്പ അടുത്തിടെ പുറത്തിറക്കിയ ആദ്യ ചാക്രികലേഖനം ‘മാഞ്ഞിഫിക്ക ഹുമാനിത്താസ്’ പ്രത്യേകമായി പരാമര്‍ശിക്കപ്പെട്ടുവെന്ന് ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു.
നിര്‍മ്മിതബുദ്ധിയുടെ വളര്‍ച്ചയും അതിന്റെ വര്‍ദ്ധിച്ചു വരുന്ന ഉപയോഗവും സംബന്ധിച്ച് സംസാരിക്കവെ, അതിന് പിന്നില്‍ ഉണ്ടാകേണ്ട ധാര്‍മ്മികതയുടെ പ്രാധാന്യം പ്രത്യേകം അനുസ്മരിക്കപ്പെട്ടു. മനുഷ്യകേന്ദ്രീകൃതമായി വേണം നിര്‍മ്മിതബുദ്ധിയെ സമീപിക്കേണ്ടത്.
സംഭാഷണത്തില്‍, പൊതുതാല്പര്യമുള്ളതും, പ്രാദേശിക, ആഗോളതലങ്ങളില്‍ പ്രധാനപ്പെട്ടതുമായ മറ്റു വിഷയങ്ങളും പരാമര്‍ശിക്കപ്പെട്ടു. ജനതകള്‍ക്കിടയില്‍ നിലനില്‍ക്കേണ്ട സമാധാനത്തിനായുള്ള പരിശ്രമങ്ങളുടെ പ്രാധാന്യം, പ്രത്യേകിച്ച് മദ്ധ്യ പൂർവദേശങ്ങളിലും ഉക്രെയ്നിലും സമാധാനം വീണ്ടെടു ക്കേണ്ടതിന്റെ പ്രാധാന്യം ഇരുനേതൃത്വങ്ങളുടെയും സംഭാഷണത്തില്‍ ഇടം പിടിച്ചുവെന്ന് വത്തിക്കാന്‍ അറിയിച്ചു.
ലിയോ പതിനാലാമന്‍ പാപ്പായുടെ സ്ഥാനാരോഹണ ദിവ്യബലിയില്‍ കാനഡയുടെ പ്രധാനമന്ത്രി വത്തിക്കാനിലെത്തി പങ്കെടുത്തിരുന്നു. 2025 മാര്‍ച്ചിലാണ് കാനഡയുടെ പ്രധാനമന്ത്രിപദത്തിലേക്ക് കാര്‍നി തിരഞ്ഞെടുക്കപ്പെട്ടത്.