
1996 ല്‍ ലോകത്തെ ഞെട്ടിച്ച അള്‍ജീരിയായിലെ ട്രാപിസ്റ്റ് ആശ്രമത്തില്‍ നടന്ന കൂട്ടക്കൊലയില്‍ നിന്നു രക്ഷപ്പെട്ട ഫാ. ഴാങ് പിയറി ഷുമാക്കര്‍ (97) നിര്യാതനായി. ഏഴു സന്യാസിമാര്‍ ദാരുണമായി കൊല്ലപ്പെട്ട ഈ സംഭവത്തെ ആധാരമാക്കിയാണ് വിഖ്യാതമായ ഓഫ് ഗോഡ്‌സ് ആന്‍ഡ് മെന്‍ എന്ന ചലച്ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
1996 മാര്‍ച്ച് 27 നു രാത്രിയാണ് അള്‍ജീരിയായിലെ തിബിരൈന്‍ ആശ്രമത്തില്‍ ഇസ്ലാമിക തീവ്രവാദസംഘം അതിക്രമിച്ചു കടന്നതും സന്യാസികളെ ബന്ദികളാക്കിയ ശേഷം കഴുത്തറുത്തു കൊന്നതും. രക്തസാക്ഷിത്വം വരിച്ച ഏഴു പേരെയും 2018 ല്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചിരുന്നു. ഈ ചടങ്ങില്‍ ഫാ. ഷുമാക്കറും പങ്കെടുത്തു.
2019 ല്‍ മൊറോക്കോ സന്ദര്‍ശിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ ഉപചാരരീതികള്‍ തെറ്റിച്ച്, ഫാ. ഷുമാക്കറിന്റെ കരങ്ങളില്‍ ചുംബിക്കുന്ന ചിത്രം ശ്രദ്ധ നേടിയിരുന്നു. ഫ്രാന്‍സ് ആണ് ഫാ. ഷുമാക്കറിന്റെ ജന്മദേശം. 1964 ല്‍ ട്രാപിസ്റ്റ് സന്യാസിയായി അദ്ദേഹം അള്‍ജീരിയായില്‍ എത്തുകയായിരുന്നു. മുപ്പതിലേറെ വര്‍ഷം അവിടെ കഴിഞ്ഞ അദ്ദേഹം കൂട്ടക്കൊലയ്ക്കു ശേഷമാണ് മൊറോക്കൊയിലെ ആശ്രമത്തിലേയ്ക്കു മാറിയത്. കൂട്ടക്കൊലയില്‍ നിന്നു രക്ഷപ്പെട്ട രണ്ടു പേരില്‍ ഫാ. അമേദെ നോട്ടോ 2008 ല്‍ മരണമടഞ്ഞു.
തന്റെ സഹസന്യാസികളെ വധിച്ച മുസ്ലീം തീവ്രവാദികള്‍ക്കു വേണ്ടി താന്‍ നിരന്തരമായി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് 2011 ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ ഫാ. ഷുമാക്കര്‍ പറഞ്ഞിരുന്നു. തന്റെ ആശ്രമാധിപനായിരുന്ന ഫാ. ക്രിസ്ത്യന്‍ രക്തസാക്ഷിത്വത്തിനു മുമ്പു തന്നെ തന്റെ കൊലപാതകികളോടു ക്ഷമിച്ചിരുന്നതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.