കുമ്പസാരരഹസ്യം: സഭാവിശ്വാസത്തിനെതിരായ നിയമനിര്‍മ്മാണങ്ങള്‍ മതസ്വാതന്ത്ര്യലംഘനം -വത്തിക്കാന്‍

കുമ്പസാരരഹസ്യം: സഭാവിശ്വാസത്തിനെതിരായ നിയമനിര്‍മ്മാണങ്ങള്‍ മതസ്വാതന്ത്ര്യലംഘനം -വത്തിക്കാന്‍
Published on

കുമ്പസാരരഹസ്യം വെളിപ്പെടുത്താന്‍ വൈദികരെ നിര്‍ബന്ധിക്കുന്നതിനുള്ള രാഷ്ട്രീയമോ നിയമനിര്‍മ്മാണപരമോ ആയ നീക്കങ്ങളെല്ലാം മതസ്വാതന്ത്ര്യലംഘനങ്ങളാണെന്നും കുമ്പസാരരഹസ്യം ഒരിക്കലും വെളിപ്പെടുത്താന്‍ പാടുള്ളതല്ലെന്നും വത്തിക്കാന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. കുമ്പസാരത്തിന്‍റെ അലംഘനീയമായ രഹസ്യസ്വഭാവം വെളിപ്പെടുത്തപ്പെട്ട ദൈവികനിയമവും കൂദാശയുടെ സ്വഭാവവും ആയതിനാല്‍ സഭനിയമത്തിലോ സിവില്‍ നിയമത്തിലോ അതിന് യാതൊരു ഒഴികഴിവും ഉള്ളതല്ല എന്ന് അപ്പസ്തോലിക് പെനിറ്റെന്‍ഷ്യറി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരത്തോടെ പുറപ്പെടുവിച്ച കുറിപ്പില്‍ വ്യക്തമാക്കി. കുമ്പസാരത്തിലൂടെ അറിഞ്ഞ കാര്യങ്ങള്‍ വൈദികര്‍ ഒരിക്കലും വെളിപ്പെടുത്താന്‍ പാടുള്ളതല്ല.

മനുഷ്യരുടെ ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നല്ല, ദൈവത്തില്‍ നിന്നാണ് ഈ നിയമത്തിന്‍റെ ഉത്ഭവമെന്നിരിക്കെ അതിനെ മറികടക്കാനുള്ള രാഷ്ട്രീയ, നൈയാമിക സമ്മര്‍ദ്ദങ്ങളെല്ലാം സഭയുടെ മതസ്വാതന്ത്ര്യത്തിനെതിരായ അതിക്രമങ്ങളാണ് എന്നു കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നു. അതിനാല്‍ രക്തം ചൊരിഞ്ഞുകൊണ്ടായാലും കുമ്പസാരരഹസ്യം പാലിക്കുക എന്നത് കുമ്പസാരിക്കുന്ന വ്യക്തിയോടുള്ള കൂറ് എന്ന നിലയിലും ക്രിസ്തുവിന്‍റെ സാര്‍വ്വത്രിക രക്തസാക്ഷിത്വത്തോടുള്ള സാക്ഷ്യം എന്ന നിലയിലും ചെയ്യേണ്ട കര്‍മ്മമാണ്. കുമ്പസാരരഹസ്യം വെളിപ്പെടുത്തുന്നത് വൈദികനെ വിശ്വസിക്കുകയും ക്ഷമ യാചിച്ചുകൊണ്ട് തന്‍റെ സാഹചര്യം വെളിപ്പെടുത്തുകയും ചെയ്യുന്ന വ്യക്തിയുടെ അന്തസ്സിനെ ഹനിക്കുന്ന പാപമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിട്ടുള്ളതാണെന്ന് കുറിപ്പിലെ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് അപ്പസ്തോലിക് പെനിറ്റെന്‍ഷ്യറിയുടെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ മൗരോ പിയാചെന്‍സ പറഞ്ഞു. കത്തോലിക്കാസഭയ്ക്കെതിരായ നിഷേധാത്മകമായ മുന്‍വിധികളോടുള്ള പ്രതികരണമായിട്ടാണ് ഇങ്ങനെയൊരു കുറിപ്പു പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org