കൗണ്‍സില്‍ പിതാക്കന്മാരിരുന്ന കസേരകള്‍ ഇന്നും സൂക്ഷിക്കുന്നു

കൗണ്‍സില്‍ പിതാക്കന്മാരിരുന്ന കസേരകള്‍ ഇന്നും സൂക്ഷിക്കുന്നു

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉദ്ഘാടനത്തിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ചിലര്‍ അന്നു കൗണ്‍സില്‍ പിതാക്കന്മാരിരുന്ന കസേരകളിലേയ്ക്കു കൗതുകകരമായ ഒരന്വേഷണം നടത്തി. 2500 ലേറെ മെത്രാന്മാരും മറ്റു വിദഗ്ദ്ധരും ക്ഷണിതാക്കളും 1962 മുതല്‍ 63 വരെ നാലു ഘട്ടങ്ങളായി നടന്ന കൗണ്‍സിലില്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്കായി അന്നു തടികൊണ്ടുള്ള മികച്ച കസേരകള്‍ പുതുതായി സജ്ജമാക്കുകയും ചെയ്തു. പച്ച നിറത്തിലുള്ള കുഷനുകളുള്ള ആ കസേരകളുടെ ഫോട്ടോകള്‍ ചരിത്രത്തിന്റെ ഭാഗമായതാണ്. അവയില്‍ 24 എണ്ണം ഇന്നും റോമിലെ ഒരു ദേവാലയത്തില്‍ കേടുപാടുകളില്ലാതെ സംരക്ഷിച്ചിരിക്കുന്നു. മാത്രമല്ല, ദേവാലയ ഗായകസംഘം അവ ഇരിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നു. വി.മൈക്കിളിന്റെയും വി.മാഗ്നസിന്റെയും പേരിലുള്ള ദേവാലയത്തിലാണ് ഈ കസേരകളുള്ളത്. ബാക്കി കസേരകള്‍ നശിപ്പിച്ചിരിക്കാം എന്നാണ് കരുതപ്പെടുന്നത്.

എട്ടോ ഒമ്പതോ നൂറ്റാണ്ടുകളില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഈ ദേവാലയം. നെതര്‍ലന്‍ഡ്‌സിന്റെയും ജര്‍മ്മനിയുടെയും അതിര്‍ത്തിപ്രദേശത്തുള്ള ഒരു വംശീയവിഭാഗത്തിന്റേതായിരുന്ന ഈ ദേവാലയം പിന്നീട് മറ്റുള്ളവരുടെ നിയന്ത്രണത്തിലായി. 1989 ല്‍ ഇതു പുനഃനിര്‍മ്മിച്ച് ആ വിഭാഗത്തിനു തന്നെ നല്‍കുകയും റോമിലെ ഡച്ച് കത്തോലിക്കരുടെ ദേശീയദേവാലയമായി മാറുകയും ചെയ്തു. ദിവ്യകാരുണ്യകൂട്ടായ്മ എന്നു പേരുള്ള ഒരു അത്മായസംഘടനയും ഈ ദേവാലയം ഉപയോഗപ്പെടുത്തുന്നു. ആ കൂട്ടായ്മയുടേതാണ് കസേരകള്‍ ഉപയോഗിക്കുന്ന ഗായകസംഘം. അവര്‍ക്കു സമ്മാനിക്കപ്പെട്ടതാകാം കൗണ്‍സില്‍ പിതാക്കന്മാരുടെ കസേരകളെന്നാണ് ദേവാലയത്തിന്റെ ചുമതല വഹിക്കുന്ന ഡച്ച് പുരോഹിതന്റെ അഭിപ്രായം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org