ബഹുഭാര്യാത്വത്തിനെതിരെ പദ്ധതികളുമായി കെനിയന്‍ സഭ

ബഹുഭാര്യാത്വത്തിനെതിരെ പദ്ധതികളുമായി കെനിയന്‍ സഭ
Published on

ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ ക്രൈസ്തവ വിശ്വാസം പ്രചാരം നേടുകയും സഭ വളരുകയും ചെയ്യുമ്പോഴും അവിടെ സുവിശേഷവല്‍ക്കരണം നേരിടുന്ന ഒരു പ്രതിസന്ധി ബഹുഭാര്യാത്വം പോലുള്ള ജീവിതശൈലികളാണ്. അതിനെ നേരിടുന്നതിന് 'സെന്റ് മോണിക്ക വിഡോസ്' എന്ന പുതിയ ഒരു ശുശ്രൂഷ തുടങ്ങിയിരിക്കുകയാണ് ആര്‍ച്ചുബിഷപ്പ് മോറിസ് മുഹാദിയ. സുവിശേഷപ്രഘോഷണം വഴി സഭ സ്ഥാപിതമായതിന്റെ നൂറാം വാര്‍ഷികം അടുത്തുവരികയാണ് കെനിയയില്‍. കെനിയയില്‍ ഒരു 'ദൈവവിളി പ്രതിസന്ധി' ഉണ്ടെന്നും അത് ദൈവവിളികള്‍ കൂടിയതു കൊണ്ടുള്ള പ്രതിസന്ധി ആണെന്നും ആര്‍ച്ചുബിഷപ്പ് മുഹാദിയ കൗതുകപൂര്‍വം ചൂണ്ടിക്കാണിക്കുന്നു. പൗരോഹിത്യവും സന്യാസവും തിരഞ്ഞെടുക്കുന്ന എല്ലാവരെയും പരിശീലിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ അവിടെ കുറവാണ്.

കെനിയന്‍ സഭ നേരിടുന്ന ആഭ്യന്തരവും ബാഹ്യവുമായ നിരവധി വെല്ലുവിളികളില്‍ ആഭ്യന്തരമായ ഒരു വെല്ലുവിളി ബഹുഭാര്യാത്വം തന്നെയാണെന്നു ആര്‍ച്ചുബിഷപ്പ് മുഹാദിയ പറഞ്ഞു. അതിനാല്‍ വൈവാഹിക കൂദാശ പ്രതിസന്ധിയിലാകുന്നു. തന്റെ പിതാവിനും രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് ബഹുഭാര്യാത്വത്തിന്റെ പ്രശ്‌നം തനിക്ക് വ്യക്തമായി മനസ്സിലാകുമെന്നും ആര്‍ച്ചുബിഷപ്പ് പറഞ്ഞു. ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ ഭര്‍ത്താവിന്റെ ബന്ധുവിന്റെ ഭാര്യയായി മാറുക എന്ന രീതി ഒഴിവാക്കുന്നതിനാണ് സെന്റ് മോണിക്ക വിഡോസ് എന്ന പ്രസ്ഥാനം ആരംഭിച്ചത്. ഇത്തരം പാരമ്പര്യങ്ങളാണ് ബഹുഭാര്യാത്വത്തിന്റെ ഒരു പ്രധാന കാരണം. ഇപ്രകാരം വേറെ ഭാര്യമാര്‍ ഉള്ള ബന്ധുക്കളുടെ ഭാര്യയാകാന്‍ വിസമ്മതിക്കുന്ന സ്ത്രീകളുടെ സംഘമാണ് സെന്റ് മോണിക്ക വിഡോസ്. വിധവകള്‍ കുടുംബത്തിന്റെ ഭാരവും സമൂഹത്തിന്റെ നോട്ടപ്പുള്ളികളുമാകും. അതിനാല്‍ സംഘം ചേരാന്‍ അവര്‍ക്ക് അവസരമൊരുക്കുകയും പിന്തുണ നല്‍കുകയുമാണ് ആര്‍ച്ചുബിഷപ് ഈ സംഘടനയിലൂടെ ഉദ്ദേശിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org