
ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്റെ കിരീടധാരണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി വത്തിക്കാന്‍ പ്രധാനമന്ത്രി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ പങ്കെടുത്തു. ലോകരാജ്യങ്ങളുടെയും യൂറോപ്യന്‍ രാജകുടുംബങ്ങളുടെയും മിക്കവാറും പ്രതിനിധികള്‍ ചടങ്ങിനെത്തിയിരുന്നു. 2200 പേര്‍ക്കാണ് ഔദ്യോഗികമായി ക്ഷണമുണ്ടായിരുന്നത്. വത്തിക്കാന്‍ പ്രതിനിധിയും അതിലുള്‍പ്പെടുന്നു. ചടങ്ങിനിടെ അനുഗ്രഹം നല്‍കുന്നതിനായി വെസ്റ്റ്മിന്‍സ്റ്റര്‍ ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ വിന്‍സെന്റ് നിക്കോള്‍സിനെ ചുമതലപ്പെടുത്തിയിരുന്നു. പ്രൊട്ടസ്റ്റന്റ് നവീകരണത്തിനു ശേഷം ഒരു കത്തോലിക്കാ ആര്‍ച്ചുബിഷപ് ബ്രിട്ടീഷ് രാജാവിന്റെ കിരീടധാരണച്ചടങ്ങില്‍ ഔപചാരിക ചുമതല വഹിക്കുന്നത് ഇതാദ്യമായിട്ടാണ്. ആംഗ്ലിക്കന്‍ സഭാദ്ധ്യക്ഷന്‍ രാജാവിനെ കിരീടമണിയിച്ച ശേഷമായിരുന്നു ഇതര ക്രൈസ്തവനേതാക്കളുടെ ആശീര്‍വാദം. ഇംഗ്ലണ്ടിലെ ഗ്രീക് ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷനും ഇതിനായി ക്ഷണിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.