
നൈജീരിയയിൽ അക്രമികൾ തട്ടിക്കൊണ്ടുപോയ രണ്ടു കത്തോലിക്കാ വൈദികരിൽ ഒരാളെ ക്രൂരമായ വിധത്തിൽ കൊലപ്പെടുത്തിയതായി രൂപതാധികാരികൾ അറിയിച്ചു. ഒരാൾ രക്ഷപ്പെട്ടു. ഫാ. ജോൺ മാർക് ആണു കൊല്ലപ്പെട്ടത്.
കഴിഞ്ഞ ജൂലൈ15നാണ് വടക്കൻ നൈജീരിയയിലെ ഒരു പള്ളിയുടെ വൈദിക മന്ദിരത്തിൽ നിന്ന് രണ്ടു വൈദികരെ തട്ടിക്കൊണ്ടു പോയത്. കൊലയാളികൾ ആരെന്നോ അവർ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നുവോ എന്നോ രൂപതാ അധികാരികൾ വെളിപ്പെടുത്തിയിട്ടില്ല. ഇസ്ലാമിക ഭീകരവാദികളുടെ ക്രൈസ്തവ വിരുദ്ധ അക്രമങ്ങൾ നൈജീരിയയിൽ പെരുകുന്നതിനിടയാണ് ഈ ദാരുണ സംഭവവും ഉണ്ടായിരിക്കുന്നത്.
ജൂലൈ മാസത്തിൽ മാത്രം നൈജീരിയയിൽ ചുരുങ്ങിയത് 7 കത്തോലിക്ക വൈദികർ തട്ടിക്കൊണ്ടു പോകലിന് ഇരകളായിട്ടുണ്ടെന്ന് എസി എൻ (എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് ) എന്ന അന്താരാഷ്ട്ര സംഘടന റിപ്പോർട്ട് ചെയ്യുന്നു.