
മാലിയില്‍ ഇസ്ലാമിക തീവ്രവാദികളുടെ തടവില്‍ നിന്നു മോചിതയായ സിസ്റ്റര്‍ ഗ്ലോറിയ സെസിലിയ അര്‍ഗോതി, സെ.പീറ്റേഴ്‌സ് അങ്കണത്തില്‍ വച്ചു ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണുകയും ആശീര്‍വാദം സ്വീകരിക്കുകയും ചെയ്തു. തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി നാലു വര്‍ഷവും എട്ടു മാസവും കഴിഞ്ഞ ശേഷമാണ് സിസ്റ്റര്‍ മോചിപ്പിക്കപ്പെട്ടത്. ഫ്രാന്‍സിസ്‌കന്‍ സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന സന്യാസസമൂഹത്തിലെ അംഗമാണ് കൊളംബിയ സ്വദേശിയായ സിസ്റ്റര്‍ ഗ്ലോറിയ.
ദരിദ്രരാജ്യമായ മാലിയില്‍ ഒരു ആശുപത്രിയും അനാഥാലയവും നടത്തുന്നുണ്ട് സിസ്റ്ററുടെ സന്യാസസമൂഹം. 12 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ സമയത്തായിരുന്നു തട്ടിക്കൊണ്ടുപോകല്‍. രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തി വരികയായിരുന്നു. ഈ വര്‍ഷമാദ്യമാണ് സിസ്റ്റര്‍ ജീവനോടെയിരിക്കുന്നുണ്ടെന്ന വിവരം പുറത്തു വന്നത്. റെഡ് ക്രോസ് വഴി തന്റെ സഹോദരന് അയച്ച കത്തിലൂടെയായിരുന്നു ഇത്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ പ്രവര്‍ത്തിക്കുന്ന ജമാ അത്ത് നസ്ര്‍ അല്‍ ഇസ്ലാം മുസ്ലിമിന്‍ എന്ന സംഘടനയാണ് തന്നെ തടങ്കലില്‍ വച്ചിരുന്നതെന്നും സിസ്റ്റര്‍ അറിയിച്ചു.