സന്തോഷത്തിന്റെ താക്കോല്‍ പ്രാര്‍ത്ഥനയിലെന്ന് പാപ്പ

സന്തോഷത്തിന്റെ താക്കോല്‍ പ്രാര്‍ത്ഥനയിലെന്ന് പാപ്പ

പ്രാര്‍ത്ഥനാജീവിതവും ക്രിസ്തുവിനോടുള്ള വ്യക്തിപരമായ ബന്ധവും വളര്‍ത്തുന്നതിലാണ് സന്തോഷത്തിന്റെ താക്കോല്‍ അടങ്ങിയിരിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ശരിക്കും സന്തോഷമുള്ളവരാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നാം എല്ലാ ദിവസവും ധാരാളമായി പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. കാരണം പ്രാര്‍ത്ഥന നമ്മെ ദൈവവുമായി നേരിട്ട് ബന്ധപ്പെടുത്തുന്നു. പ്രാര്‍ത്ഥന നമ്മുടെ ഹൃദയങ്ങളെ പ്രകാശം കൊണ്ടും ഊഷ്മളത കൊണ്ടും നിറയ്ക്കുന്നു. എല്ലാ കാര്യങ്ങളും ആത്മവിശ്വാസത്തോടെയും മനസ്സമാധാനത്തോടെയും ചെയ്യാന്‍ അത് നമ്മെ പ്രാപ്തരാക്കുന്നു - പാപ്പ പറഞ്ഞു. ആഗോളബാലദിനത്തിനു മുന്നോടിയായി പുറപ്പെടുവിച്ച സന്ദേശത്തിലാണ് മാര്‍പാപ്പയുടെ ഈ വാക്കുകള്‍.

വരുന്ന മെയ് 25, 26 തീയതികളില്‍ റോമിലാണ് ആദ്യത്തെ ആഗോള ബാലദിനം ആഘോഷിക്കുന്നത.് ആഗോള യുവജന ദിനത്തിന്റെ ചുവടുപിടിച്ചാണ് കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ആഗോള ബാലദിനം മാര്‍പാപ്പ പ്രഖ്യാപിച്ചത്. ഞാന്‍ എല്ലാം പുതുതാക്കുന്നു എന്ന വെളിപാട് വാക്യമാണ് ആദ്യത്തെ ബാലദിനത്തിന്റെ പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത്.

എല്ലാ ദിവസവും രാവിലെയും വൈകിട്ടും കുടുംബാംഗങ്ങളുമൊത്തു സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ചൊല്ലണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ കുട്ടികളോട് ആവശ്യപ്പെട്ടു. എന്നാല്‍ കര്‍ത്താവു പഠിപ്പിച്ച ആ പ്രാര്‍ത്ഥനയുടെ വാക്കുകള്‍ വെറുതെ ഉരുവിട്ടാല്‍ പോരാ. അതിന്റെ അര്‍ത്ഥം മനസ്സിലാക്കി ചൊല്ലേണ്ടതുണ്ട്. കൂടുതല്‍ മാനവികവും നീതിനിഷ്ഠവും സമാധാനപൂര്‍ണ്ണവുമായ ഒരു നവലോകത്തിന്റെ നിര്‍മ്മിതിക്കായി ആ പ്രാര്‍ത്ഥനയിലൂടെ ക്രിസ്തു നമ്മെ ക്ഷണിക്കുന്നു. നമ്മെ സ്‌നേഹത്തില്‍ ഒന്നിച്ചു കൂട്ടുന്നതിന് കുരിശില്‍ സ്വയം ബലി നല്‍കിയ ക്രിസ്തു മരണത്തെ കീഴടക്കുകയും പിതാവുമായി നമ്മെ അനുരഞ്ജനപ്പെടുത്തുകയും ചെയ്തു. തന്റെ ഈ കര്‍മ്മം ലോകത്തില്‍, സഭയിലൂടെ തുടര്‍ന്നുകൊണ്ടുപോകാന്‍ ക്രിസ്തു ആഗ്രഹിക്കുന്നു. കരുണയുടെ ചെറിയ പ്രവര്‍ത്തികളിലൂടെ പ്രാദേശിക തലത്തിലാണ് വലിയ സേവനങ്ങള്‍ ആരംഭിക്കേണ്ടത്. നാമെല്ലാവരും ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയാല്‍ നമ്മുടെ ലോ കം മാറും-മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org