കാരുണ്യവധത്തെ പിന്തുണയ്ക്കുന്നവര്‍ മനുഷ്യരെ വസ്തുക്കളായി കാണുന്നു -ഫ്രാന്‍സിസ് മാര്‍പാപ്പ

കാരുണ്യവധത്തെ പിന്തുണയ്ക്കുന്നവര്‍ മനുഷ്യരെ വസ്തുക്കളായി കാണുന്നു -ഫ്രാന്‍സിസ് മാര്‍പാപ്പ
Published on

കാരുണ്യവധത്തെ പിന്തുണയ്ക്കുന്നവര്‍ മനുഷ്യരെ വസ്തുക്കളായി കാണുകയാണു ഫലത്തില്‍ ചെയ്യുന്നതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ഉപയോഗശൂന്യമായിത്തീര്‍ന്നു എന്നു ഒരു മനുഷ്യവ്യക്തിയെക്കുറിച്ചു ചിന്തിക്കുന്ന പ്രയോജനവാദത്തിലധിഷ്ഠിതമാണ് കാരുണ്യവധം. മരണം തിരഞ്ഞെടുക്കുമ്പോള്‍ പ്രശ്നങ്ങളെല്ലാം തീര്‍ന്നുവെന്ന് ചിന്തിക്കാം. പക്ഷേ അതിന്‍റെ പിന്നില്‍ വലിയ വേദനയുണ്ട്. എല്ലാ പ്രത്യാശയും നിരാകരിക്കുന്ന തിരഞ്ഞെടുപ്പാണത്-മാര്‍പാപ്പ പറഞ്ഞു. ഇറ്റലിയിലെ അര്‍ബുദ ചികിത്സകരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

ഒരു ഭാരമോ പാഴോ ആയി മാറിയതുകൊണ്ട് ഒരു വ്യക്തിയെ ചികിത്സിക്കേണ്ടതില്ലെന്നു തീരുമാനിക്കുമ്പോള്‍ അയാളെ ഒരു വസ്തുവായി കാണുകയാണു ചെയ്യുന്നത് – മാര്‍പാപ്പ തുടര്‍ന്നു. ഇതിനു വിരുദ്ധമായ ഒരു സമീപനമുണ്ട്. ആ രോഗിയേയും അയാളുടെ പ്രിയപ്പെട്ടവരേയും ജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും അനുധാവനം ചെയ്യുകയും സാന്ത്വനചികിത്സയിലൂടെ സഹനങ്ങളെ ലഘൂകരിക്കുകയും ചെയ്യുകയെന്നതാണ് അത്. ഓരോ മനുഷ്യവ്യക്തിയുടേയും മൂല്യത്തിനു കരുതലേകുന്ന ഒരു സംസ്കാരവും ശൈലിയും വളര്‍ത്തിയെടുക്കാന്‍ ഇതുകൊണ്ടു സാധിക്കും – മാര്‍പാപ്പ വിശദീകരിച്ചു.

നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, കൊളംബിയ, ലക്സംബര്‍ഗ്, കാനഡ എന്നീ രാജ്യങ്ങളാണ് കാരുണ്യവധം നിയമവിധേയമാക്കിയിരിക്കുന്നത്. നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍റ്, ജര്‍മ്മനി എന്നീ രാജ്യങ്ങളിലും അമേരിക്കയിലെ ഏതാനും സംസ്ഥാനങ്ങളിലും പരസഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org