കല്‍ദായ സഭയുടെ സിനഡില്‍ അല്മായരും പങ്കെടുക്കുന്നു

കല്‍ദായ സഭയുടെ സിനഡില്‍ അല്മായരും പങ്കെടുക്കുന്നു
Published on

കല്‍ദായ കത്തോലിക്കാസഭയുടെ സിനഡില്‍ ആദ്യമായി അല്മായര്‍ പങ്കെടുക്കുന്നു. ഓരോ രൂപതയുടെയും ഓരോ പ്രതിനിധികളാണ് സിനഡിന്‍റെ ആദ്യത്തെ രണ്ടു ദിവസം മെത്രാന്മാരോടൊപ്പം പങ്കെടുക്കുക. സിനഡ് ഒരാഴ്ചയായിരിക്കും. സിനഡിനു മുന്നോടിയായി ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കയച്ച കത്തില്‍ കല്‍ദായ കത്തോലിക്കാ പാത്രിയര്‍ക്കീസ് ലൂയിസ് റാഫായേല്‍ സാകോയാണ് ഇതറിയിച്ചത്.

കല്‍ദായ സഭ ആദിമ നൂറ്റാണ്ടുകള്‍ മുതല്‍ തന്നെ ഒരു മിഷണറി സഭയായിരുന്നുവെന്നും സുവിശേഷം പ്രഘോഷിക്കുവാനായി ചൈന വരെ പോയ ചരിത്രം അതിനുണ്ടെന്നും പാത്രിയര്‍ക്കീസ് പ്രസ്താവിച്ചു. അനേകം രക്തസാക്ഷികള്‍ക്കു കല്‍ദായ സഭ ജന്മം നല്‍കിയിട്ടുണ്ട്. ഇന്നും അത് രക്തസാക്ഷികളുടെ ഒരു സഭയായി തുടരുന്നു. എണ്ണത്തില്‍ കുറവാണെങ്കിലും മറ്റു പൗരസ്ത്യസഭകളെ പോലെ കല്‍ദായസഭയും സാര്‍വത്രികസഭയ്ക്ക് മഹത്തായ ഒരു പ്രതീകമായി നിലകൊള്ളുന്നു – പാത്രിയര്‍ക്കീസ് എഴുതി.

2020-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍റെ പ്രഖ്യാപനമുണ്ടായിരുന്നു. ഇതിനു മാര്‍പാപ്പയ്ക്കു പാത്രിയര്‍ക്കീസ് നന്ദി പറഞ്ഞു. ദുഷ്കരമായ ഇന്നത്തെ സാഹചര്യത്തില്‍ ഇറാഖിലെ ജനങ്ങള്‍ക്ക് മാര്‍പാപ്പയുടെ സന്ദര്‍ശനം വലിയ പിന്തുണയും പ്രോത്സാഹനവും നല്‍കുമെന്നും സന്ദര്‍ശനത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹമെഴുതി.

ആദിമ നൂറ്റാണ്ടുകള്‍ മുതല്‍ ക്രൈസ്തവസാന്നിദ്ധ്യമുള്ള പ്രദേശമാണ് ഇറാഖ്. എന്നാല്‍ സദ്ദാം ഹുസൈന്‍റെ പതനത്തോടെ ഇറാഖിലെ മിക്ക ഭാഗങ്ങളും ക്രൈസ്തവര്‍ക്കു സുരക്ഷിതമല്ലാതായി. അതേ തുടര്‍ന്നു പലായനങ്ങളും ആരംഭിച്ചു. 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ അധിനിവേശത്തോടെ ക്രൈസ്തവരുടെ ജീവിതം തികച്ചും ബുദ്ധിമുട്ടേറിയതായി. പതിനായിരകണക്കിനു ക്രൈസ്തവര്‍ അധിവസിച്ചിരുന്ന നിനവേ പ്രദേശം ഐസിസ് ഭീകരര്‍ കൈയടക്കിയതോടെ ക്രൈസ്തവര്‍ക്ക് വീടും സ്വത്തും ഉപേക്ഷിച്ചു ഓടിപ്പോകേണ്ടി വന്നു. ഇപ്പോള്‍ ഇറാഖി സൈന്യം ഈ പ്രദേശത്തു നിന്ന് ഭീകരരെ തുരത്തുകയും ക്രൈസ്തവര്‍ മടങ്ങിവരാന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. എങ്കിലും ക്രൈസ്തവരുടെ എണ്ണത്തില്‍ വന്‍കുറവാണ് ഉണ്ടായിട്ടുള്ളത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org